നാരി കേറാമല - തത്ത്വചിന്തകവിതകള്‍

നാരി കേറാമല 

*'നാരി കേറാമല '*

നാല്പത്തൊന്നല്ല ....
ജീവിതം മുഴുവനും
നോമ്പു നോറ്റതവളായിരുന്നു!

കാക്കയ്ക്കു മുന്നേയുണർന്ന്
ദിനം മുഴുവനും കിതച്ച് കിതച്ച്
ഒടുവിൽ,
ഭക്ഷണം നിറച്ചുന്തിയ വയറുമായി
വാ തുറന്നു കൂർക്കം വലിച്ചുറങ്ങുന്ന
എൻ 'സ്വാമി'യെ തൊടാതെ മാറി
പായിൽ കിടന്ന് ശ്വാനനിദ്ര കൊള്ളുന്നവൾ!

ഓരോ 'ഉൾപ്രവാഹ 'ങ്ങളും
വിശുദ്ധിയുടെ പ്രതീകമായവൾ കരുതി
'പെൺ മാംസ ' പ്രവേശന ചർച്ചകളിൽ
ഗഗന സദൃശനാമാത്മസ്വരൂപനെ
മുക്കിനിവർത്തി ചാനലുകൾ
മൽസരിക്കുന്നതു കാൺകെ
രക്തം നല്കി ജീവനെപ്പോറ്റാൻ കഴിവുള്ള
ദൈവതുല്യയായവൾ സ്വയം കണ്ടു!

'മാല' ഊരി വച്ച് 'മാംസം കഴിച്ച് '
ഉൾക്കണ്ണിൽ കണ്ട സ്ത്രീകളെയെല്ലാം നഗ്നരാക്കി
സ്വപ്നം കണ്ട് 'മദിച്ചു' നടന്നയെൻ 'സ്വാമി'
നാളെ മലകയറുന്നു!

കൂടെ ഞാനില്ല... പക്ഷേ...
എൻ 'വിശുദ്ധി'യൊരു കവചമായ്
അങ്ങയെ പൊതിയട്ടെ
ചെയ്ത പാപങ്ങൾക്കൊക്കെയും
പരിരക്ഷയായ്....

*- ലക്ഷ്മി പ്രിയദർശിനി*


up
2
dowm

രചിച്ചത്:Dr.ലക്ഷ്മി പ്രിയദർശിനി
തീയതി:05-01-2019 02:03:51 PM
Added by :Dr.Lakshmi priyadarsini
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :