ചേറ്
*'ചേറ്'*
ചേറിൽ കുരുത്ത വയൽ പൂക്കളാണിവർ
നീലിച്ച ചോപ്പുള്ള കുഞ്ഞു മാലാഖകൾ
മാറും ഋതുവിൽ കൊഴിഞ്ഞുപോമെങ്കിലും
പൂക്കളെപ്പോലെ പരിഭവമറ്റവർ
ആരാരും കാണാതെയോരത്ത് നിന്നവർ
തുമ്പികൾ തേടുന്ന തുമ്പയോടൊത്തവർ
ചേറിൽ കുരുത്ത് നില്ക്കുമ്പോഴുമെപ്പോഴും
മോഹങ്ങളത്രയും വാനിൽ വരച്ചവർ
വേരുകൾ ആഴത്തിലല്ലെങ്കിലും തെല്ലു-
നേരമേയുള്ളൂ മറയാനതെങ്കിലും,
കാടിന്റെ ഗന്ധം മണക്കുന്ന കാറ്റിനോട് -
കാടു കാണാനുള്ള പൂതി പറഞ്ഞവർ
വാനിൽ പറക്കും പറവകളെകക്കണ്ട്
ചൂളം വിളിച്ചു കളിച്ചു രസിച്ചവർ
പെരുവെള്ളക്കുത്തിൽ പറിഞ്ഞു പോകാതെ
കുഞ്ഞുടൽ ചുറ്റി നിന്ന ' കളയെ 'പ്രണയിച്ചവൾ
നിലാവുറങ്ങാൻ പായ നീർത്തും പുലരിയിൽ
കുളിർ മഞ്ഞു കരിമഷിയണിയിച്ച പ്രണയിനി
എങ്കിലും...
മിഴി കൂമ്പിയടയുന്ന നേരത്ത് രാവോരം
വയൽ കുത്തിമറിച്ചെത്തുമിരപിടിയൻ ജന്തുക്കൾ,
കടയറുത്തിട്ട അവളെ ഉണക്കാതെ
തിരി മങ്ങിയെരിയുന്ന ഇളവെയിൽ നാളവും
കാറ്റുണക്കീടുന്നു മുറിവുകൾ.. മെല്ലെയാ -
പ്രാണൻ തിരിച്ചെത്തും മഴ നനവേൽക്കവേ
വീണ്ടുമാച്ചേറിൽ വിരലാഴ്ത്തി നിവരവേ
താങ്ങും കരങ്ങൾക്ക് നന്ദി പറഞ്ഞവൾ
ഇന്നിപ്പോൾ,
ചേറെന്ന് കേൾക്കുന്നതാർക്കോ 'പുഴുക്കടി '
ചേറിൽ കുരുക്കാത്ത 'മോഡേൺ 'കുസുമങ്ങൾ
ചോരയെടുക്കുന്ന നീരു വലിക്കുന്ന
മാറുന്ന നാടിന്റെ ഓർക്കിഡും കാക്ടസും!
ചേറുതൊട്ടാലോ കുളിക്കണം രണ്ടുനാൾ
ചേറിനാൽ തീർത്തവരൊക്കെ 'അശുദ്ധ' കൾ
'ചേറ് തൊട്ടീടാ' വിശുദ്ധനാം തേവരും
ചേറിൽ കിടന്നു പിറന്ന കുഞ്ഞല്ലെന്നോ??
ചേറെന്ന പേരിനാൽ പോരും അയിത്തവും
ചേറോളം മാനക്കേടൊന്ന് മറ്റില്ലത്രേ !!!
ചേറിൻ കരുത്തിൽ ഉയർത്തും 'മതിലുകൾ '
ഇനി വരും പ്രളയങ്ങളൊറ്റക്ക് താണ്ടുമോ?
പക്ഷേ...
ചേറിൽ കുരുത്താലതെന്തെന്റെ വിത്തു നിൻ
'ചോറല്ലേ ' ജീവന്റെ തായ് വേരതിവിടല്ലേ?
ചേറാണതമ്മയും പെങ്ങളും പെൺമക്കളും
ചേറിൽ കുരുത്ത കരുത്തുറ്റ ലോകമേ ...
*- ലക്ഷ്മി പ്രിയദർശിനി*
Not connected : |