സ്ത്രീ ശില
സ്ത്രീശില
കല്ലായിരുന്നപ്പോൾ ഒന്നുമറിഞ്ഞില്ല
കല്ലായിരുന്നതേ സൗഖ്യമെന്നോർത്തു പോയി
രാമനുടച്ച ശിലയിൽ ഞാൻ പെണ്ണായി
പെൺമയായി തനിമയായി മരുവിയതെത്ര നാൾ.
ഇനിയശാന്തമാമാശ്രമ വാടിയിൽ
ധൃഷ്ടമാം തപോവന ഭൂവിലായ്
പതിവ്രതാരൂപമായ്, ധർമ്മദാരങ്ങളായ് രുഷ്ടനാം തപസ്വിയെയനുഗമിച്ചീടണം.
പ്രണയവർഷങ്ങൾ പെയ്യാ മരുക്കാട്ടിലെൻ ജീവന്റെ
മധുരഹർഷങ്ങൾ ബലിയായിത്തീരണം.
അരുണകിരണങ്ങളേറ്റു ഞാൻ ശില്പമായി
അനഘ സ്വാതന്ത്ര തീരത്തെ തിര പോലെ
അലയടിച്ചുയർന്ന ദിനങ്ങളെ
വെറുമൊരോർമ്മ തൻ ചിന്തായി മായിക്കണം.
ശിലയായി ഞാനൊരു പെണ്ണിൽ കുടികൊണ്ടു.
പിന്നെ ഞാൻ പെണ്ണായി ശിലയിൽ
കുടികൊണ്ടു.
പെണ്ണിന്നഭിമാനം ,ആത്മ സ്വത്വങ്ങൾ തൻ പൂതമാം പൂർണ്ണത
പെണ്ണിന്നഭിമതം ഉയിരാർന്ന ചിറകിന്റെ
ജീവൻ തുടിക്കുന്ന മോചന സാഫല്യം
ശിലയേകി, ശൈഥില്യ
ഹൃദയത്തിനാശ്വാസം
അഗ്നിജ്വലിച്ചൊരെന്നാത്മാവിൽ കുളിർ ശ്വാസം
രാമ, നീയുടച്ചതു ശിലയല്ലെന്നഭിമാനം
ഏകിയതുയിർകാറ്റല്ലൊരു മഹാ ദു:ഖം
താണ്ടണമിനിയറ്റമില്ലാത്ത സാഗരം
ആര്യ മേധാവിത്ത ദുഷ്ക്കര വീചികൾ
ആഢ്യ പുരോഹിത ഗർവത്തിൻ നാൾവഴി
സീമയില്ലാത്ത ഭർത്തൃ ശാസന പീഡകൾ
ദ്രാവിഡ നിണമെഴും സംസ്കാര സംഹിത
ഉച്ചനീചത്വത്തിൽ വികൃതമാം നിഷ്ഠകൾ
കൈതവമില്ലെന്നിലെങ്കിലും ശിക്ഷിച്ച
പതിയെ വീണ്ടും പരിചരിച്ചീടണം.
അബലകൾക്കില്ലേ മാനാഭിമാനങ്ങൾ?
അല്ലലില്ലാത്ത പ്രേമ പ്രതീക്ഷകൾ?
പ്രണയമില്ലാതെന്റെ പകലുകൾ മാഞ്ഞിടും
മോഹമില്ലാതെന്റെയിരവുകൾ ഉറങ്ങിടും
വന്യ ശില്പമായ് കാനന ഭംഗി തൻ
തേൻ നുകർന്നു മദിച്ചൊരാ നാളുകൾ
കണ്ടു കാട്ടു ഹരിണങ്ങൾ തൻ ക്രീഡകൾ
നീല നിലാവിൻ നിഴലറ്റ ഭംഗികൾ.
ചക്രവാകങ്ങളിലാണിന്റെ താരള്യം.
വിരഹമറിയാത്ത പെണ്ണിന്റയുൻമാദം.
ഏഴു നിറമാർന്ന മയൂര നടനങ്ങളും
എങ്ങുമില്ലാത്ത വാസന്ത ഭംഗിയും
എല്ലാമിവിടെ ത്യജിച്ചു കൊണ്ടേകയായ്
വിരസയാമങ്ങളിൽ ഞാനൊടുങ്ങീടണം
രാമ നീയെന്നെയുറക്കിയതെന്തിനായ് ?
പെൺമയെ ശിലയാക്കി മാറ്റിയതെന്തിനായ് ?
Not connected : |