മഴമകള്‍
മിഴി നീരുമായിതാ മണ്ണില്‍ വീണു
മഴമേഘസുന്ദരി വിണ്ണില്‍ നിന്നും
ഇറയത്തു വന്നവള്‍ തലയിടിച്ചു
ഇഷ്ടിക പാകിയ മണല്‍മുറ്റത്ത്
മണല്‍മുറ്റമിഷ്ടികക്കെട്ടിനുള്ളില്‍
പ്രാണനടക്കിപ്പിടിച്ചു നിന്നു
ഇടയിലാ ചെറുപുല്ലിന്‍ നാമ്പുകളോ
തലനീട്ടി ദയനീയമൊന്നു നോക്കി
തൊടിയിലാ മുത്തിശ്ശിപ്ലാവുമില്ല
വഴി തെറ്റിയെന്നവള്‍ കണ്‍കഴച്ചു
മണ്‍ചാരിയില്‍, പൂമുഖവാതില്‍ക്കലും
മുത്തിശ്ശിപ്ലാവിന്റെ നെഞ്ചു വിങ്ങി
തൊടിയിലെ നിര്‍ദ്ദയമോവുചാലില്‍
കുലംകുത്തിയവളങ്ങു പാഞ്ഞു പോയി
ഓട മണത്തവള്‍ മൂക്കു പൊത്തി
പുഴയെവിടെ,യവിടെ കേണു പിന്നെ
പുഴയെങ്ങും കണ്ടില്ലവിടെയെങ്ങും
ഇഴ ചേര്‍ത്ത പോലതാ കല്‍ത്തറകള്‍
മുകളിലാ കോണ്‍ക്രീറ്റുമേലാപ്പുകള്‍
കാറ്റെങ്ങും ചോരാത്ത മതിലുകളും
ചക്രവാളത്തിന്റെയറ്റങ്ങളില്‍
ആഴക്കടലപ്പോള്‍ നിന്നു തേങ്ങി
അഴല്‍ തിങ്ങിവിങ്ങി,ത്തിര വിളിച്ചു
തിരികെ വരികയെന്‍ മഴമകളേ!
(വിനോദ്)
Not connected : |