പ്രണയായനം
താമര പൂവുഴിഞ്ഞു ...
നിൻ മുഖ താർ വിരിഞ്ഞു ...
വാർ മുടി അഴിഞ്ഞു ...
പൂവുടൽ തളർന്നു ...
പൂന്തുകിൽ നനഞ്ഞുലഞ്ഞു ...
പൂവാടയുലഞ്ഞു വീണു ...
മൗനം തീർത്തൊരു തേരതിലേറി നാം
മന്ദാര പൂക്കൾ തൻ താഴ്വര തിരഞ്ഞു
പൂമേട് കണ്ടു പൂന്തേൻ നുകർന്നു
പൂമ്പാറ്റയെ പോൽ പറന്നുയർന്നു
ഇളനീരുതിരും അധരപുടങ്ങൾ തൻ
മധുരിമയിന്നെന്റെ ചുണ്ടറിഞ്ഞു
പൂമിഴി പീലികൾ പൂട്ടി കുറുകുന്ന
പെണ്ണരിപ്രാവിൻ കുറുകൽ കേട്ടു
കഞ്ചുക ബന്ധനം വിട്ടു സരസിജ
യുഗ്മ൦ മധുപനായ് പൂത്തുലഞ്ഞു
ആലില തൻ ചുഴി പൂവിനുമപ്പുറം
ആഴി തിരകൾ നുരഞ്ഞുണർന്നു
ആയിരം യാഗാശ്വ വേഗങ്ങളിൽ
സിരാ താളമുണർന്നു പിടച്ചു നിന്നു
ദേഹമോ ദേഹിയോ എന്നറിയാതെ നാം
പ്രാണൻ പരസ്പരം കോർത്ത് ചേർന്നു
Not connected : |