ഒരു നോവുപാട്ട് .
പോവേണ്ടതിലുണ്ണി, നീ നിൻ
പിതാവിനെ തേടിയെങ്ങും.
ചൊല്ലുവനോങ്ങിയ എൻ നാക്ക്
പിന്നിൽനിന്നാരോ പിടിച്ചുവെച്ചു.
വേണ്ടറിയേണ്ട ഈ കുരുന്നൊന്നും
ഉണ്ണിതൻ വാക്കുകൾ ചോദ്യമായ്
വീണ്ടുമെൻ കാതിൽ പിറന്നുവീണു.
എങ്ങുപോയ്,എങ്ങുപോയ്,
എന്നച്നെങ്ങുപോയ്?
കാണുക നിങ്ങളെൻ നെഞ്ചകം കൂട്ടരെ
കാലത്ത് നെറുകയിൽ ചുംബിച്ചു പോകവെ,
എൻ കാതിലോതിയച്ഛൻ
അക്ഷരംചൊല്ലി പഠിയ്ക്കുമെന്നുണ്ണീ
അക്ഷമാലകൾ വീണുറങ്ങുന്നൊരു
പുസ്തകം കൊണ്ടത്തരാം നിനക്കെന്ന്,
പിന്നെയും തന്നൊരുമ്മയിൽ
അച്ഛൻ പറഞ്ഞുവെച്ചു.
വെട്ടമണഞ്ഞു കൂട്ടിലെന്നാകിലും കൂട്ടരെ
കാണുവാനില്ലല്ലോ എന്നച്ഛനെയെങ്ങും
വയ്യെനിയ്ക്കിനിയുമേ നേരം വെളുക്കുവോളം
കാക്കുവാനെന്നച്ഛനെ കൂട്ടരെ.....
പോവുകയാണു ഞാൻ പോവുകയാണു ഞാൻ
എന്നച്നെത്തേടി പോവുകയാണു ഞാൻ
പാഞ്ഞുപോയ് ഉണ്ണിതൻ മാനസം മുൻപേ,
പിറകിലായ് പാഞ്ഞുപോകയായ് മിഴികളും നീളെ.. ...
കാലടിപ്പാടുകൾ നീളെ..നീളെ...
പോകവേ ഉണ്ണിതൻ കാലുകൾ വേച്ചുപോയ്.. .
പിന്നെയും മുൻപിലേയ്ക്കാഞ്ഞവനെങ്കിലും,
കാലുകൾ നിന്നുപോയങ്ങനെത്തന്നെ
ഉണ്ണിതൻ കുഞ്ഞിളം പാദങ്ങൾ
ഇളം ചൂടേറ്റു നൊന്തുപോയങ്ങനെ
പൈതലിൻ ഉൾതന്ത്രിയിൽ തൊട്ടുവിളിച്ചു
നേർത്തൊരു തേങ്ങലിൻ നാദമപ്പോൾ
ചുറ്റുമായ് കണ്ണുകൾക്കു നീട്ടിവൻ
ചന്ദ്രന്റെ നേർത്ത ചിരിക്കുമ്പിളിൽ,
ഓമലിൻ നേത്രങ്ങൾ കണ്ടു തന്നച്ഛനെ,
ഓടിയണഞ്ഞു മലർ കൈക്കുമ്പിളിൽ
കോരിയെടുത്താ മുഖം തന്നോടു ചേർത്തു.
പൈതലിൻ കൈകൾ
രക്തം കുതിച്ചൊഴുകുമാ മുറിവിൽ തൊട്ടു മെല്ലെ,
ഓമലിൻ പൂമുഖം കണ്ടപോൽ
കൂമ്പിയടയുമാ നേത്രങ്ങൾ കാൺകെ,
ഉണ്ണിതൻ കണ്ണുനീർ ഇറ്റിറ്റുവീണു
അന്ത്യതീർത്ഥമായ് അച്ഛൻതൻ ചുണ്ടിലപ്പോൾ....
-ഷൈനി ദാമോദരൻ
വെട്ടം
25-10-19.
Not connected : |