സൃഷ്ടി
കവിയെൻ സങ്കല്പനഭസ്സാം ചുവരിൽ
മനോധാരയിൽ മൊട്ടിടും സത്ചിന്തയെ
താലോലിച്ചിടും ചിത്തമാം മടിത്തട്ടിൽ
കാത്തിടുമദൃശ്യമാതൃവികാരത്താൽ
കലലമായ് ചേർന്നിടും ചിന്തയിൽ
നിന്നുതിരുമീ നവഭാവനകളെ
മനസാം തീച്ചൂളയിലതുരൂപമായ്
മിനുക്കിയെടുത്ത തളിരാണ് കവിത
തളിരിടുമീയൊരു കൊച്ചുനാമ്പിനെ
കാത്തിടും പ്രകൃതി തൻ മമഭാവമായ്
സ്നേഹത്തിൻ കരുതലാൽ കൌമാരം താണ്ടി
യൌവ്വനം തേടൂം മനോഹരാംഗിയവൾ
ഗ്രഹിച്ചീടും ചിലരതിനെയാഴത്തിൽ
കാത്തീടുന്നു മുത്തുപേറുന്ന ശംഖുപോൽ
ബാഹ്യമോടിയിൽ ദൃഷ്ടിവെച്ചിടും ചിലർ
പിച്ചിച്ചീന്തീ ചിലരർത്ഥമറിയാതെ
സൃഷ്ടാവാം കവിതൻ ഹൃദയമറിയാ-
കേവലം വില്പനച്ചരക്കായ് മാറ്റിടും
നേടുന്നു കോടികളിഹസുഖത്തിനായ്
പരത്തിൽ ലഭ്യമാം വിലയറിയാതെ
എല്ലാം മറന്നന്ത്യമാം വിലാപത്തിലൊ-
രണിയായ് ചേർന്നശ്രുപൊഴിയ്ക്കുമവരെ
തിരിച്ചറിഞ്ഞീടുവാൻ വൈകുന്നു ലോകം
അത്രമേലതൊരു വിപത്തായ് വന്നുപോൽ
-ശുഭം-
Not connected : |