പടേനി
കുംഭമാസക്കൊയ്ത്തു തീർന്നൂ
കാവുണർന്നൂ കരയുണർന്നൂ
പടയണിക്കായ്ക്കളമുണർന്നൂ
ചൂട്ടുകറ്റ നടയ്ക്കൽ വെച്ചൂ
നടയിൽനിന്നു കൊളുത്തിവെച്ചൂ
പച്ചത്തപ്പിൻ തുടിയുയർന്നൂ
കൊടിയുയർത്തിവിളക്കുവെച്ചൂ
'തപ്പിൽ' കാച്ചിക്കൊട്ടുയർന്നൂ
'ഊഹു' എന്ന് വിളിച്ചിറക്കി
അമ്മയെക്കളനടുവിലാക്കി
തപ്പുതാളം മുറുകിവന്നൂ
തെയ്‌താര തെയ്താം പാട്ടുയർന്നൂ
ഗണപതിക്കോലം തുടങ്ങീ
പിശാച് വന്നൂ മറുതവന്നൂ
യക്ഷിവന്നൂ പക്ഷിവന്നൂ
മാടൻകോലം തുള്ളിവന്നൂ
കാലൻ തുള്ളി കളം നിറഞ്ഞു
കുതിര,യെക്ഷിക്കോലങ്ങളാ
കളത്തിലേക്കെഴുന്നെള്ളിവന്നൂ
എടുത്തുവരവും നിരത്തിതുള്ളലും
കാപ്പൊലിയും കളംനിറഞ്ഞൂ
ഭൈരവിക്കോലം ഉറഞ്ഞു
പുറകെ കാഞ്ഞിരമാല വന്നൂ
പുലവൃത്തത്തിനു കച്ചകെട്ടീ
കോലുകൊട്ടി കളിതുടങ്ങീ
നാക്കിലയിൽ തേങ്ങവെച്ചൂ
പാനക്കുറ്റി അരികെവെച്ചൂ
അടവിനാട്ടിയാഴികൂട്ടീ
ചെണ്ടമേളവുമാർപ്പുവിളിയും
കാവിലാകെയുയർന്നുകേട്ടൂ
നായാട്ടുവിളിയുടെ ശീലുയർന്നൂ
പൂപ്പടയ്ക്കായ്പ്പാട്ടുയർന്നൂ
പകൽപ്പടേനി കഴിഞ്ഞവാറേ
'അമ്മ തിരികെയെഴുന്നെള്ളുന്നൂ
ഫലമറിഞ്ഞാൽ കളമൊഴിഞ്ഞു
പടേനിക്കായ് കാത്തിരിക്കാം..
Not connected : |