ഉറുമ്പും തീക്കട്ടയും
ഒരിയ്ക്കെലെങ്കിലും ഒരു തീക്കട്ട അരിയ്ക്കണം !!
ഒരുറുമ്പ് തന്റെ ആഗ്രഹം റാണിയോട് പങ്കുവച്ചു.
പരിണാമങ്ങളിലൂടെ നമ്മുടെ ആളുകള്‍
ഡിഡിറ്റി പോലും അതിജീവിച്ചിട്ടുണ്ട് ,പക്ഷെ തീക്കട്ട !,
മഹാറാണി ഉത്കണ്ഠ പ്രകടിപ്പിച്ചു !!
തന്റെ ചിരകലാസ്വപ്നത്തെ മനസ്സില്‍ താലോലിച്ചും
ആഗ്രഹപൂര്‍ത്തി വരുത്താന്‍ മാര്‍ഗമന്വേഷിച്ചും
ഉറുമ്പ് യാത്രതുടങ്ങി !
അനേകവര്‍ഷം അലഞ്ഞുതിരിഞ്ഞ്
അവന്‍ ഒരു വീട്ടില്‍ എത്തിച്ചേര്‍ന്നു !
അവിടെ ഗൃഹനാഥന്‍ തീക്കട്ട തിന്നുന്നത്
അവന്‍ കൌതുകത്തോടെ കണ്ടു നിന്നു !
തീക്കട്ട തിന്നുമ്പോഴെല്ലാം
ഏതോ പ്രക്ഷുബ്ധതയില്‍ അയാള്‍ ഇളകിമറിഞ്ഞു !!
ഞരമ്പുകള്‍ വലിഞ്ഞു മുറുകയും
കണ്ണുകള്‍ ആര്‍ദ്രമാകുകയും ചെയ്തു !
അയാളുടെ രാത്രികള്‍ ഉറക്കമില്ലാത്തതായിരുന്നു !!
എങ്കിലും ആര്‍ത്തിയോടെ
അയാള്‍ തീക്കട്ടകള്‍ വിഴുങ്ങുന്നത് കണ്ടപ്പോള്‍
ഉറുമ്പിനു കൊതിതോന്നി !!
എന്നാല്‍ അതിന്റെ ചുവന്നകണ്ണുകള്‍
അവനെ ഭയപ്പെടുത്തി !!
ഗൃഹനാഥനാകട്ടെ
തന്റെ കൈവെള്ളയില്‍ അത് കോരിവയ്ക്കുകയും
ഹൃദയത്തിലേക്കിട്ട് ഊതിമിനുക്കുകയും ചെയ്തു !!
അയാളുടെ മരണശേഷമാണ്
താന്‍ കണ്ടത് ഒരു കവിയെ ആണെന്ന്
ഉറുമ്പ് തിരിച്ചറിഞ്ഞത് !!
കവിയുടെ കുഴിമാടത്തില്‍ അപ്പോഴും
തീക്കട്ടകള്‍ തുടിച്ചുകൊണ്ടിരുന്നു ..!!
അയാള്‍ വലിച്ചെറിഞ്ഞ കടലാസുതുണ്ടിലെ
അക്ഷരങ്ങളിലൂടെ കയറിഇറങ്ങി
ഉറുമ്പ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചു !!
Not connected : |