'അമ്മ
അഴലിന്റെ അഗ്നിയിൽ ഉരുകിയുരുകി
അഴകിന് തിടമ്പാണെന്നമ്മ
മുഖകാന്തി അരവിന്ദാതുല്യമാണ,ലിവാർന്ന
പൂനിലാപ്പാലൊളി മന്ദഹാസം
തൂമഞ്ഞുതുള്ളിപോൽ സ്നിഗ്ദ്ധമാണെപ്പോഴും
വരദമാം ഹസ്തദ്വയങ്ങൾ
ആ കരലാളനം അന്തരംഗങ്ങളിൽ
ആത്മഹര്ഷങ്ങള് വിടർത്തും
അറിവിന്റെ കനി തേടിയലയുന്നവർക്കെല്ലാം
അഭയസ്ഥയാണെന്റെയമ്മ
കരിമൂടുമിരുളിൽ വീണുഴറുവോർക്കെല്ലാം
എരിയുന്ന ദീപമാണമ്മ
ജന്മമാന്തരീയ സുകൃതത്താൽ ഞാനുമീ
വാർമടിത്തട്ടിൽ പിറന്നൂ
ജന്മമാന്തരങ്ങളിൽ നിന്നെ സേവിക്കുവാൻ
ഭാഗ്യം ലഭിച്ചെങ്കിലും തായേ
നിസ്തന്ദ്ര ചിന്തതൻ വിദ്യുത്പ്രവാഹത്താൽ
ജാജ്വല്യമാനയെന്നമ്മ
തന്ദ്രികത്തിൽനിന്നുണർത്തിയെൻ കൈകളിൽ
തന്ത്രിക ചേർത്ത് നീയേ
ഈ താന്ത്രികയിലും നിന്നപദാനങ്ങൾ
അല്ലാതെയെന്തുയർന്നീടാൻ?
ഭാരതീ നിൻ പാദസേവനം ചെയ്യാൻ
പദാരമായ് മാറട്ടെ ദേഹം
ഭാരത മാതൃ ശ്രീകോവിലിൽ കത്തുന്ന
നെയ്വിളക്കാവട്ടെ ജന്മം
Not connected : |