പ്രണയസ്വപ്നം
എന്റെ മൂക വിപഞ്ചിയിൽ വിരൽ തൊട്ടു മെല്ലെയുണർത്തി നീ
ചന്ദനക്കുളിർ വിശറി വീശി സാന്ദ്രശീതള ചന്ദ്രിക!
രാഗസാഗരമലയുയർത്തിയ ഹൃദയവേദിയിൽ നിൻപദങ്ങൾ
ശിഞ്ചിതങ്ങൾ പൊഴിച്ചു മാന്ത്രിക പിഞ്ഛികാ ചലനോപമം
മാനമാകെ മയൂഖമാലകൾ മാരിവില്ലു കുലയ്ക്കയായ്
മന്ദ്രമധുരം ചുവടുവെയ്‌പ്പൂ മന്മനസ്സിലെ മയിലുകൾ!
പുള്ളിമാനുകൾ തുള്ളിയോടും മഞ്ജുളോദ്യാനങ്ങളിൽ
തേനണിഞ്ഞ വസന്തമെന്നതുപോലെ നിൻ പാൽപ്പുഞ്ചിരി!
കുങ്കുമഛവി പടരുമംബരമെന്നപോലെ കവിൾത്തടം
ഭ്രമരസംഗമ മോഹമാർന്നൊരു പൂവുപോൽ പവിഴാധരം
കഞ്ജബാണനുതിർത്ത മല്ലീകന്ദളങ്ങളണിഞ്ഞു നീ
സ്വപ്നമായണയുന്നു മാമക നിദ്രയിൽ പുളകോദ്ഗമം
മോഹനാഗം ഫണമുയർത്തിയ നീലനീരവരജനിയിൽ
പുൽകുവാനെൻ കൈകൾ നീളവേ മായപോൽ മറയുന്നു നീ
എന്തിനെന്റെ വിപഞ്ചിയിൽ വിരൽ തൊട്ടുണർത്തി മറഞ്ഞു നീ?
എന്തിനെന്നുടെ മേലൊഴിച്ചൂ ധവളശീതള ചന്ദ്രിക?
Not connected : |