പ്രണയം
പെൻസിലും പേനയും
കടലാസിനോട് പ്രണയത്തിലായിരുന്നു.
കടലാസിന് രണ്ടുപേരോടും ഇഷ്ടമായിരുന്നു.
അവരുടെ പ്രണയം കടലാസിനോട്
പറയാൻ അവർ തീരുമാനിച്ചു.
രാവേറെച്ചെല്ലുവോളം പെൻസിൽ
തന്റെ ഉൾക്കാമ്പുരച്ചു കവിതയെഴുതി
കാലിലെ റബ്ബർ പാദുകം കൊണ്ട്
ചവിട്ടിത്തുടച്ചു തിരുത്തി
ശരീരം കത്തിക്കുവെട്ടിയൊരുക്കി
ഭാവനയ്ക്ക് മുനകൂർപ്പിച്ചു
സാഹിതീപദാവലികൊണ്ട് തന്റെ
ഹൃദയഭാവം മനോഹരമാക്കാൻ ശ്രമിച്ചു.
കാലന്കോഴി കൂവാറായപ്പോൾ
പാതിയാക്കിയ പ്രണയകവിതയും
പാതിയായ ശരീരവുമായി
ഇടക്കെപ്പൊഴോ തളർന്നുറങ്ങി.
ഉറക്കത്തിലായിരുന്ന പേന
ചെരിഞ്ഞുകിടക്കാൻ ശ്രമിക്കവേ
തൊപ്പിയൂരിപ്പോയി.
ഉറക്കമുണർന്ന പേന
കടലാസ്സിൽ മുഖം ചേർത്ത്
തളർന്നുറങ്ങുന്ന പെൻസിലിനെക്കണ്ടു
മാർജ്ജാരപാദനായി അടുത്തുചെന്നു
വെട്ടിയും തിരുത്തിയും വൃത്തികേടാക്കിയ
പൂർത്തിയാവാത്ത പ്രണയകവിത കണ്ടു
പെൻസിലെഴുതിയ പ്രണയകാവ്യം
ചൂണ്ടുവിരലിൽ സൂചികുത്തി നീലരക്തമിറ്റിച്ചു
കളവിൽ പകർത്തിയെടുത്തു
പേന കടലാസിന് നൽകി
കടലാസ്സ് രണ്ടുപേരുടെയും കുറിപ്പുകൾ വാങ്ങി
വെട്ടിയും തിരുത്തിയും വികൃതമായ
പെൻസിലിന്റെ കവിത അവൾ വലിച്ചെറിഞ്ഞു
നീലവർണ്ണത്തിൽ നല്ല കയ്യക്ഷരത്തിലുള്ള
പേനയുടെ കവിത അവൾക്കിഷ്ടമായി.
അവർ പ്രണയത്തിലുമായി.
പാവം പെൻസിൽ!
വെട്ടിത്തീർന്ന തടിയും
തേഞ്ഞുപോയ ഉൾക്കാമ്പുമായി
ശോകഗാനങ്ങൾ മൂളിപ്പാട്ടാക്കി
എഴുത്തുമേശയുടെ മൂലയ്ക്കൊതുങ്ങി
മണ്ടനായ കുറ്റിപ്പെൻസിലെന്നു
നാട്ടാരവനെ കളിയാക്കി
പ്രണിയിക്കാൻ ആർക്കുമാവുമല്ലോ!
പ്രണയിക്കപ്പെടാൻ ഭാഗ്യം തന്നെ വേണം!!
Not connected : |