ഇരുപതാം നൂറ്റാണ്ടിനൊരു ചരമഗീതം
ഇരുൾമൂടുമിതുരാത്രി,യകലെയാകാശത്തിൽ
നക്ഷത്രദീപങ്ങൾ സാക്ഷി
പശ്ചിമതീരത്തലയുകയാണിന്നും
ആകാശപാന്ഥനാം സൂര്യൻ.
അവിടമാണിന്നിന്റെ സ്വർഗ്ഗമിതു നരകമാണ്;
അവിടേക്കു പോകാം നമുക്കും.
ഇത് ഗീതകം മൃതിയിൽ വീഴുമീ നൂറ്റാണ്ടിൻ
ആദ്യ പാദത്തിൽ നാം കേട്ടൂ..
ചോരചിന്തും വീരഗാഥകൾ പാടി നാം
മുഷ്ടികൾ മാനത്തെറിഞ്ഞു
നമ്മൾ കൊയ്യുന്ന വയലുകളൊക്കെയും
നമ്മുടേതാകുമെന്നോർത്തൂ
രാമനും കൃഷ്ണനും ചത്ത ബൂർഷ്വാകളാണ്
എന്നു ചരിതം പഠിച്ചൂ
മനസ്സില്ല, മതമില്ല, മനുജനാണഖിലവും
എന്ന് സിദ്ധാന്തം രചിച്ചൂ
പ്രകൃതിയൊരു വേശ്യയാ, ണവനിയൊരു ഭോജ്യയാണ്
എന്ന് ശാസ്ത്രങ്ങൾ തിരുത്തി
ഒടുവിലിവിടെത്തി തിരിഞ്ഞു നോക്കുമ്പോഴോ?
കഥയെന്തു കഥയെന്തു കഷ്ടം!
ഒക്കെയും വ്യര്ഥമാമാകാശക്കോട്ടകൾ!
നഷ്ടസ്വപ്നങ്ങളായ് തീർന്നൂ
അവിടെപ്പകൽ മറഞ്ഞിവിടേക്കു പോന്നിതാ
ഉദയാർക്കബിംബം തെളിഞ്ഞു
സര്വ്വംസഹയ്ക്കുമീ പ്രകൃതിക്കുമെവിടെയോ
സഹനശീലം നഷ്ടമായീ
ചണ്ഡികയായ്, ക്രൂര ഭോഗികൾക്കരിയായി
സംഹാരരുദ്രയായ് നിൽപ്പൂ.
അടിതെറ്റിവീണുപോൽ പുളകോദ്ഗമങ്ങൾക്കു
ജീവൻ കൊടുത്ത സിദ്ധാന്തം !
നിണഗന്ധം ഇന്നുമാ ചതുരാങ്കണത്തിൽ നിന്ന്
ഇവിടെയും കാറ്റിലെത്തുന്നൂ..
മാർക്സും ഏങ്ഗൽസും ലെനിനും ചരിത്രത്തിൽ
സങ്കൽപ്പ സ്വർഗ്ഗ വ്യക്താക്കൾ!
സ്റ്റാലിന്റെ ചിത്രത്തിൽ നിന്നുമുദ്ഭൂതമായ്-
ത്തീരുന്നു ഹിറ്റ്ലറുടെ ചിത്രം!
അതുകണ്ടുനിൽക്കവേ പോളണ്ടിൽ, ചെക്കോവിൽ
കൊടികൾ നിറങ്ങൾ മാറുന്നൂ.
മനസ്സുമാത്മാവും മനുഷ്യനുണ്ടെന്നതാം
ആർഷതത്വം ജയിക്കുന്നൂ
ഇവിടെ വീണ്ടുയരുവതു യാഗാഗ്നിയത്രെ
ഉദയം കിഴക്കാണ് സത്യം
കാർമേഘപടലമാണിത്, രാത്രിയല്ലിവിടെ
നിദ്രപൂണ്ടോർക്കാണബദ്ധം
കാലചക്രത്തിൽ ഫലകങ്ങളിൽ ചരിതം
ഏറെക്കുറിച്ച നൂറ്റാണ്ടേ
ഇനിയും മരിക്കാത്ത ശതകമേ
ആസന്നമൃതിയിൽ നിനക്കാത്മശാന്തി.
Not connected : |