ഇന്നത്തെ പാഠം
ഐസൊലേഷൻ കൃതികൾ (#1)
പണ്ടാരോ പറഞ്ഞ പോലെ
എന്നാരോ പറഞ്ഞു കേട്ടു..
എന്താണോ പറഞ്ഞതാവോ
എന്നാർക്കും അറിഞ്ഞുകൂടാ..
പണ്ടത്തെ പറച്ചിലുകൾ
ചോദ്യമൊന്നും ചെയ്തിടാതെ..
ചൊല്പടിയിൽ നിന്നങ്ങനെ
ചെയ്യേണം എന്നത് തത്വം..
അങ്ങനെയും ഉണ്ടോ തത്വം
എന്നായീ എന്നുടെ ചോദ്യം..
അങ്ങനെയും ആവാമെന്ന്
ചൊന്നെന്നുടെ ചാരെയൊരാൾ..
ചോദ്യത്തിനുത്തരമെന്തോ
എന്നുള്ളിൽ ചോദ്യമുയർത്തി!
വീണ്ടും ഒരു ചോദ്യം വേണ്ടാ
എന്നായി പിന്നെ വിചാരം..
വീണ്ടു വിചാരം വന്നതുകൊണ്ട്
വീണിടത്തുരുണ്ടിങ്ങു പോന്നു..
എന്നാലും ചോദിച്ചോട്ടെ
എന്താണീ മൂത്തവർ വാക്ക് ?
എന്താണതിനാദ്യം കയ്പ്? പിന്നെ
എങ്ങനെയതുമധുരിക്കുന്നു?
ഇന്നത്തെയൊരവസ്ഥകൾ നോക്കു
ഇന്നലെകൾ മറക്കുമൊരിന്ന്..
നാളത്തെ വിചാരം മാത്രം,
നന്മകളെല്ലാം നമുക്ക് മാത്രം,
നാലാളുകൾ കൂടുന്നില്ലാ
നാല്കവലകൾ പേരുകളായി..
ഇങ്ങനെയൊക്കെ ആണെന്നാലും
ഒന്നെനിക്കുറപ്പിൽ പറയാം
നന്മകൾ ഇന്നും മനസ്സിലുണ്ട്
നല്ലതു ചെയ്യാൻ ആഗ്രഹമുണ്ട്..
പിന്നെയെന്തേ പ്രശ്നം സാറേ
പിൻ ബെഞ്ചിൽ നിന്നൊരു ചോദ്യം
പ്രശ്നമൊന്നും ഇല്ലെന്നേ..പക്ഷേ
വലിയൊരു പ്രശ്നം മുന്നിൽ വേണം!
അങ്ങനെയല്ലേ സുനിലേ? സാറിന്റെ
മറുപടി വന്നൂ..
എല്ലാരും കൂട്ടച്ചിരിയായ്, കൂട്ടത്തിൽ
കാര്യം ബോധ്യം!
എല്ലാരും നല്ലവർ തന്നെ!
നന്മകൾ ചെയ്യാൻ പ്രാപ്തർ തന്നെ!
ഈ നേരം പോകും മുൻപേ,
ഇന്നിവിടെ എഴുതി ചേർക്കാം..
ഈ ദിനങ്ങൾ പാഠമതാക്കാം
ഇനിയുള്ളൊരു ജീവിത വഴികൾ
പുതിയതല്ല, പഴയതുമല്ലാ..
പരസ്പരമറിയാൻ പരിശ്രമമാവാം.
......സജിത് ചാളിപ്പാട്ട്
Not connected : |