മൂന്നാമതൊരാൾ
ആദ്യമായൊരാൾ
തീക്ഷ്ണമായ നോട്ടങ്ങളാൽ എന്നെ തളച്ചിട്ടു.
ആ കണ്ണുകളിൽ നിന്നും മോചനമില്ലാതെ
അലഞ്ഞു ഞാൻ പലവഴിയെ.
ഒടുവിൽ കൊടുംകാട്ടിൽ തനിച്ചാക്കി
ഏങ്ങോ പോയ്മറഞ്ഞു.
പകൽക്കിനാവിന്റെ വഞ്ചന പോലെ.
രണ്ടാമതൊരാൾ
വശ്യമായ പുഞ്ചിരിയാൽ വലിച്ചിഴച്ചു പ്രണയത്തിലാക്കി.
ആ ചിരി ഞാൻ അറിയാതെ തന്നെ എന്‍റെ ഹൃദയവും ആത്മാവും സ്വന്തമാക്കി.
അവസാനമില്ലാത്ത പാന്ഥാവിലൂടെ
ഒന്നിച്ചു യാത്ര തുടങ്ങി
ഇനി വയ്യെന്ന് പറഞ്ഞു
പാതി വഴിയിൽ തനിച്ചാക്കി അകന്നു.
ബാക്കി ദൂരം എങ്ങനെ താണ്ടണമെന്ന് പറയാതെ.
മൂന്നാമതൊരാൾ
ആരാണെന്നറിയില്ല. എവിടെയാണെന്നറിയില്ല.
മുറിവേറ്റവളായി ഞാൻ കാത്തിരിപ്പ് ആരംഭിക്കുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്‍റെ ഹൃദയം
ആത്മാവിനാൽ നീ കണ്ടെടുക്കും.
കേവലം ഒരു നോട്ടമോ പുഞ്ചിരിയോ അല്ലാതെ
ആർദ്രമായ ഒരു മൃതസഞ്ജീവനിയായി
എന്‍റെ ഹൃദയത്തിന്റെ ക്ഷതങ്ങൾ നീ സുഖപ്പെടുത്തും.
പ്രണയത്തിൽ അപമാനിക്കപെട്ടവളെന്ന മുറിപ്പാടുകൾ മായ്ച്ചു
എന്നെന്നും എന്നോടൊപ്പം...
Not connected : |