പ്രണയാസ്തമയം
പറഞ്ഞു തീർന്നു വിശേഷങ്ങൾ
പിന്നെ കേൾവിക്കാരി മാത്രമായി
പിന്നെയും കേട്ടാലും ഇല്ലെങ്കിലും
ഒരു മൂളലിൽ മറുപടി തീർത്തു
വാചാലമായ കൂടിക്കാഴ്ചകൾക്ക്
പകരം മൗനം മനസ്സിനെ വിഷാദ രോഗിയാക്കി,
വീണ്ടും എന്തൊക്കെയോ പറയാൻ
നീ കൊതിക്കുമ്പോഴേക്കും നല്ല
കേൾവിക്കാരൻ പതിയെ മാഞ്ഞുപോയി
ജീവിത നൗക കാലചക്രവാളങ്ങളിലൂടെ
തുഴഞ്ഞു നീങ്ങുമ്പോൾ കാറ്റിലും കോളിലും
ഉലഞ്ഞാടുന്ന പ്രക്ഷുബ്ധ നേരത്ത്
തീരത്തണയാം എന്ന ആശ്വാസമേകുന്ന
കപ്പിത്താ നായിരുന്നു മാഞ്ഞുപോയ
നിലാവെന്ന് അസ്തമയ സൂര്യനെ നോക്കി
നെടുവീർപ്പോടെ പറയും,
കാലങ്ങൾക്കിപ്പുറവും ഇമ വെട്ടാതെ
വാനിൽ നിന്നെ നോക്കിയിരിക്കുന്ന
കൊച്ചു നക്ഷത്രത്തെയും
പെയ്യാൻ വെമ്പുന്ന മേഘപാളികൾക്കിടയിലൂടെ
പെയ്തിറങ്ങിയ മിഴിനീരിനർത്ഥവും
നീയറിഞ്ഞിരുന്നോ ...
Not connected : |