സ്വപ്നം കൊണ്ടെഴുതിയ ഒസ്യത്ത്
അയാളുടെ ഒസ്യത്ത്
വായിക്കണം
വായിച്ചിരിക്കണം ,
ജീവിതമയാൾ
ആസ്വദിച്ചിട്ടുണ്ടാകില്ല
ആരിലൂടെയോ ചില
വേഷങ്ങൾ
ആടിത്തിമിർത്തു ,
സ്വപ്നങ്ങളുടെ
നെരിപ്പോടിലുരുകിയാണ്
മരണം .
സ്വപ്നം കാണുന്നവർ
സ്വപ്നങ്ങളിൽ നിന്നും
അകലെയെ,ന്നോർക്കുന്നില്ല .
അയാളുടെ മരണത്തിനു
തൊട്ടുമുമ്പുള്ള ജീവിതം
ഒരു പാഠമാണ് .
ഏകാന്തമായ കടലുപോലെ-
യാണ് അവസ്ഥ .
ഭാവി വളരെയടുത്തായ്
കാണപ്പെട്ടു ,അതാണ്
ലോകമദ്ധേഹത്തെ
തെറ്റുകാരനാക്കിയത് .
വർത്തമാനകാലത്തെ
ഭയമായിരുന്നു ,
അവക്ക് താപവും ,
തണുപ്പുമായിരുന്നു .
ഇടവിട്ടവ വല്ലാതെ
ശ്വാസം മുട്ടിക്കുന്നു .
മിഴികൾ കാണുന്ന ലോകം
സുവർണ്ണമാണ് ,
ഉള്ളിൽ നിന്നും
പുറത്തേക്കു നോക്കാൻ
പഠിച്ചപ്പോഴാണ,വയൊക്കെ
വ്യാജമെന്ന് മനസിലാക്കിയത് ,
ആശ്ചര്യമുണ്ടാക്കുന്ന പോലെ
അവഹേളനം പോലെ.
ആകാശത്തിലാണ്
കുരുക്കുണ്ടാക്കിയത്
കഴുത്തിൽ കുരുക്കിടാൻ
കഴിയുന്നില്ല ,പക്ഷികളുടെ
അവഹേളനം,
സ്ഥായിയായ
മുഖഭാവം,അനാവശ്യമായ
ധാർഷ്ട്യത്തെ
മുഖം സ്വീകരിച്ചു ,അതിൽ
സ്നേഹത്തിന്റെ പ്രകാശം
കാണാം .
മരണവേദനയിലുള്ള
നിലവിളി ലോകം സംഗീത-
മായാ,സ്വദിച്ചു .
ജീവനറ്റദേഹം
ഭൂമിയിലെത്തിക്കാൻ
ജീവവായു വല്ലാതെ
പണിപ്പെട്ടു .
ഇതുവരെയനുഭവിക്കാത്ത
സമാധാനത്തോടെ
നിലത്തു വീണുറങ്ങാം .
ആയിരക്കണക്കിന്
പുഷ്പങ്ങൾ
കാല്പാദങ്ങളെ പുണരും
ഇന്നയാൾ അയാളുടെ
സ്വന്തമായി
മാറിയിരിക്കുന്നു ,
കാഴ്ചവസ്തുവായ്
നിലത്തുകിടക്കുമ്പോഴും
മിഴികൾ
എവിടെയോ പരതുന്നു
നഷ്ടങ്ങളുടെ കണക്ക്
പുസ്‌തകം ഷെൽഫിൽ
അടുക്കി വെച്ചിരിക്കുന്നു ,
സങ്കടം നടിക്കുന്നവരുടെ
കണ്ണുകളിലേക്കു നോക്കാനാണ്
ആഗ്രഹിച്ചത്,സത്യസന്ധമായ
മിഴികളിൽ ചോരയുടെ ഗന്ധം .
കവിതയിലെ ചില
കഥാപാത്രങ്ങൾ സങ്കപ്പെടുന്നു ,
അവയ്ക്ക് ജീവനേകിയ
എഴുത്തുകാരന്റെ,യവസ്ഥ
അവരെ നാഥനില്ലാത്തവരാക്കി ,
ഇന്നിതെഴുതുമ്പോഴും
ഇതിലെ അക്ഷരക്കൂട്ടങ്ങൾ
കാണാൻ വരുമായിരിക്കാം
ജീവിക്കാൻ അവയ്ക്ക്
സ്വപ്നങ്ങളേകിയത് ആരെന്ന
ബോധം അവരെ നിസ്സഹായരാക്കും .
സ്വപ്നം കണ്ട മരണം
അനുഭവിക്കാനായില്ല
നരകമോ ,സ്വർഗ്ഗമോ
ആകെ ശൂന്യത മാത്രം
കണ്ണുനീരൊഴുക്കാൻ
ഒരാളുണ്ടെങ്കിൽ, ഈ ഒസ്യത്ത്
ജീവിതം സ്വപ്നങ്ങളുടെ-
യല്ലെന്ന സത്യം വിളിച്ചോതും ,
ദൃഢമായ ലക്ഷ്യത്തിന്റെ
വാതിലുകളാണ് ജീവിതം ,
അവിടെയാണ് വിജയം
കാലത്തെ അതിജീവിക്കുന്ന
വിധിയുടെ വിജയം
അഖിൽ മുരളി
Not connected : |