അമ്മ മലയാളം
അമ്മ മലയാളം
എന്റെ കൈരളീ,
നിന്നെ ഞാന്‍ പുണരട്ടെ,
മാറോടു ചേര്‍ന്നുകൊണ്ടാ
മടിയില്‍ ചായുറങ്ങട്ടെ
എന്റെ പൊക്കിള്‍ക്കൊടിയിലൂടൂര്‍ന്നിറങ്ങിയ
അമ്മതന്‍ സ്നേഹകണങ്ങളില്‍
നിന്നാദ്യമായി നിന്നെ ഞാനറിയവെ തഴുകിത്തലോടിയിരുന്നാ
വാത്സല്യലാളനകളെന്നെ
അമ്മിഞ്ഞപ്പാലാം അമൃതിനൊപ്പം
അമ്മ ചൊല്ലിത്തന്ന വാക്കുകളിലൂടെ
നിന്നെ ഞാനറിയവെ
തുറന്നുവെച്ചെന്‍ മുന്നില്‍
അറിവിന്റെ വാതായനങ്ങള്‍
ഒന്നൊന്നായി നീ.
ഇന്നെന്‍ വിരലുകള്‍ ചലിയ്ക്കുന്നുവെങ്കില്‍,
ഈ വിരല്‍ തുമ്പിലൊരു
കവിത പിറക്കുന്നവെങ്കില്‍
ആദ്യാക്ഷരങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ച
എന്റെ ഗുരുനാഥ നീയല്ലോ.
മലയാള മണ്ണിനെ തൊട്ടു വണങ്ങി
നിന്റെ നന്മകള്‍ വാഴ്ത്തുവാന്‍ മുതിരവെ
ഒരു സത്യമിന്നു ഞാനറിയുന്നു
നിന്നെ സ്തുതിയ്ക്കുന്ന ഞാന്‍
കേവലം പരിമിത ജ്ഞാനിയല്ലോ.
എന്റെയാത്മാവിന്റെ ഭാഷയും,
എന്നെ തിരിച്ചറിയുന്ന ഭാഷയും,
മാതൃവാത്സല്യത്തോടൊപ്പമെന്നില്‍
പകര്‍ന്നു കിട്ടിയ സ്വത്വവും,
ഈ ഞാനെന്ന സത്യവും നീ മാത്രമല്ലോ
അന്നത്തിനായി അന്യഭാഷയെങ്കിലും
എന്റെയസ്ഥികള്‍ വെണ്ണീറായി
ഈ മണ്ണിലലിയും വരെ
എന്റെ ശ്വാസനിശ്വാസങ്ങളിലൂടൊഴുകും
മലയാളഭാഷയെ മറക്കില്ലൊരിക്കലും.
അമ്മയെന്ന വാക്കിനാഴമറിയാതെ,
അമ്മതന്‍ താരാട്ടിനീണമറിയാതെ
വാത്സല്യ നിധിയാം മുത്തശ്ശിക്കഥകള്‍ കേള്‍ക്കാതെ
സംസാരഭാഷതന്‍ സംസര്‍ഗമില്ലാതെ
ശിഥിലമായിപ്പോയ ഭാഷയാല്‍
ബന്ധങ്ങള്‍തന്‍ ശൈഥല്യം
ഏറ്റുവാങ്ങുന്നൊരു തലമുറയുണ്ടിവിടെ.
വേരറ്റു പോകുന്ന കര്‍ഷക സംസ്ക്കാരത്തിന്‍
വാമൊഴിയായി കേട്ട നാടന്‍ പാട്ടുകളും,
നാട്ടു നടപ്പുകളും, പഴഞ്ചൊല്ലുകളും
ഇന്നന്യമായിത്തീരവെ
പുതു തലമുറയ്ക്കത്
തീരാ നഷ്ടമല്ലോ
ഭയക്കുവതെന്തിനീ മണ്ണില്‍,
മൃത്യുവിന്‍ കരങ്ങള്‍ തഴുകീടില്ല നിന്നെ
ബാഹുലമായ പദസമ്പത്തിന്നുടമയും,
അതിവേഗത്തില്‍ വികസിയ്ക്കും ഭാഷയും,
അഖില ലോകത്തിന്‍ സഞ്ചാരിയും നീയല്ലോ.
മരതകപ്പട്ടുടുത്ത മലയാള നാട്ടിലെ
മക്കളില്ലാത്ത രാജ്യമില്ല,
മലയാളിയില്ലാത്ത മേഖലയില്ല
നവമാധ്യമങ്ങളിലും കൈരളീ,
നീ നിറഞ്ഞു നില്‍ക്കയല്ലേ.
മലയാള ഭാഷതന്‍
ആദിവേരു ചികഞ്ഞു നടക്കവെ
നിന്റെ സമ്പത്താം കൃതികള്‍ തന്‍ വൈവിധ്യവും
ആര്‍ഷ സംസ്ക്കാരത്തിൻ മഹിമയും
അഭിമാനപുളകിതയാക്കുന്നുവെന്നെ
കോടാനുകോടി സാഹിത്യ സൃഷ്ടികള്‍
നിന്നിലൂടെ പുറംലോകം കാണവെ,
എത്രയെത്ര സാഹിത്യകാരന്‍മാര്‍
നിന്‍ഭാഷയിലൂടെ അറിയപ്പെടവെ,
എത്ര സമ്പന്നയാണു നീ.
നിന്റെ പിതാമഹനാം എഴുത്തച്ഛനെ മറക്കാത്ത,
ചെറുശ്ശേരി കുഞ്ചന്‍ നമ്പ്യാരും
കുമാരനാശാനും വീണപൂവും
വള്ളത്തോളും, ഉള്ളൂരിനെയും മറക്കാത്ത
മലയാളിമണ്ണാണിത്
നിൻ്റെ ചരിത്ര താളുകള്‍ക്കു നെറുകയില്‍
ശ്രേഷ്ഠഭാഷതന്‍ വജ്ര കിരീടം ചൂടിച്ച്
അക്ഷരമാലതന്‍ ഹാരമണിയിച്ച്
പൊന്നിന്‍ സിംഹാസനത്തിലിരുത്തട്ടെ ഞാന്‍.
എന്റെ കൈരളീ,
ചൈതന്യ ദീപ്തമാം
നിന്റെ കരങ്ങളാല്‍ വര്‍ഷിച്ച
അനുഗ്രഹപുഷ്പങ്ങള്‍
നെഞ്ചോടു ചേര്‍ത്തു കൊണ്ടാ
മടിയില്‍ ചായുറങ്ങട്ടെ.
ദീപ ഗംഗാധരന്‍
Not connected : |