എന്റെ കാമുകന്‍
എന്റെ കാമുകന്‍
നീ മറന്നു പോയ നിന്നിലെ കാമുകനെ
തേടിയലയുകയാണ് ഞാനിന്ന്.
നിന്റെ മിഴികളില്‍ വിരിഞ്ഞിരുന്ന
പ്രണയ കാവ്യത്തിന്റെ
മാഞ്ഞുപോയ വരികളോടൊപ്പം
നിന്നെ തന്നെ നീ എവിടെയോ
നഷ്ടപ്പെടുത്തിയിരിക്കാം.
പുഞ്ചിരി വിടരാത്ത നിന്റെ ചുണ്ടുകള്‍
ചുംബനത്തിന്റെ ചൂട് മറന്നിരിക്കാം.
മൗനം ബന്ധിച്ച നിന്റെ നാവില്‍ നിന്നും
നര്‍മ്മത്തിന്റെ രസം ഊര്‍ന്നു പോയിരിക്കാം
കുസൃതികാട്ടിയിരുന്ന നിന്റെ കൈവിരലുകള്‍
ചലിക്കുവാന്‍ മടികാണിച്ചിരിക്കാം.
ആര്‍ക്കോ വേണ്ടി മിടിക്കുന്ന ഹൃദയവും,
ചലിക്കുന്ന പാദങ്ങളും
എന്തിനെന്ന് നീ ചിന്തിച്ചിരിക്കാം.
ഇനി,
തിരിച്ചു നടക്കാം നിന്നിലേയ്ക്ക്,
നിന്റെ കാമുകനിലേയ്ക്ക്,
എവിടെയോ ഒളിപ്പിച്ചു വെച്ച
നിന്റെ പ്രണയത്തിലേയ്ക്ക്.
എന്റെ മിഴികള്‍ നിന്നിലേയ്ക്ക്
തൊടുത്തു വിടുന്ന ശരങ്ങളില്‍
പ്രണയ കാവ്യത്തിന്റെ
മാഞ്ഞു പോയ വരികള്‍
കൊത്തിവെയ്ക്കാം.
ചുംബനത്തിന്റെ ചൂട് പകര്‍ന്നു തന്ന്
നിന്റെ ചുണ്ടുകളില്‍ പുഞ്ചിരി വിരിയിപ്പിക്കാം.
മിണ്ടാതെ മിണ്ടുന്ന നിന്നോട് മിണ്ടി മിണ്ടി
നിന്റെ നാവുകളെ ബന്ധിച്ച
മൗനത്തിന്റെ ചരടുകളെ ഖണ്ഡിക്കാം.
കൊഞ്ചുന്ന ഒരു കുഞ്ഞായി
നിന്റെ കൈകളില്‍ തൂങ്ങി കുസൃതി കാട്ടി
നിന്റെ വിരലുകളെ ചലിപ്പിക്കാം.
എന്നിലെ പ്രണയം മുഴുവന്‍
നിന്നിലേയ്ക്ക് പകര്‍ന്നു തന്ന്
നിന്റെ ഹൃദയത്തിന് പുതു ജീവന്‍ നല്‍കാം.
അന്നേരം,
ചലിക്കുന്ന നിന്റെ പാദങ്ങള്‍ക്ക്
ഒരു ലക്ഷ്യമുണ്ടാകും.
എന്നിലേയ്ക്ക് നീ ഉയര്‍ത്തെഴുന്നേല്‍ക്കും;
വീണ്ടുമൊരു കാമുകനായി.
ദീപ ഗംഗാധരന്‍
Not connected : |