ഒരു മഴപ്പെയ്ത്തിനായ്
വെയില്‍ പൂക്കള്‍ ജ്വലിക്കുന്ന
എരിയും വേനല്‍ ചൂട്
സകലരുംകാത്തിരിക്കുന്നു
ഒരു മഴ പ്പെയ്ത്തിനായ്.
താഴെ ,കണ്ണില്‍ പെടാത്തൊരു
പുല്‍ക്കൊടി തുമ്പ്
ദൂരെ വിണ്ണിന്‍ കനിവിനായ് കേഴുന്നു
'എവിടെയാണൊരിറ്റു നീര്‍ക്കണം ? പൊരിവെയിലിനും
ചുടുകാറ്റിനും കൊടുക്കാതെ
മണ്ണടരുകള്‍ക്കുള്ളില്‍
ഞാന്‍ കാക്കുമീ ജീവന്‍
ഒരിറ്റു നനവിനാല്‍ ഉയിര്‍ത്തെഴുന്നെല്‍ക്കാന്‍
അന്നെനിയ്ക്ക് പുതു നാമ്പ് വരും
നിറഞ്ഞ പച്ച്പ്പിനാലെന്നുടലാകെ പൊതിയും '
തൊട്ടരികിലായ് തലതാഴ്ത്തി
കാട്ടുചെടി ക്കൂട്ടങ്ങള്‍
ഒന്ന് പെയ്തുകിട്ടിയാലേറെ വൈകാതെ
തെഴുത്ത പച്ചിലച്ച്ചാര്ത്തുകളോടെ
പുതു സൌരഭങ്ങളുമായ്
നിറ വര്‍ണങ്ങളിലവതരിക്കും
അത്ഭുതം കണക്കെ ,
അല്പമകലെയതാ പുല്ലാനിപ്പൊന്തകള്‍
ചുറ്റുപാടുമുണങ്ങിക്കരിയുമ്പോള്‍
നിന്റെ പച്ചിലപ്പടര്‍പ്പുകള്‍
കാണ്‍കെയെന്തൊരാശ്വാസം !
മഴയെത്തും വരേയ്ക്കും
നിന്റെ നീരു വറ്റാതെ കാക്കാന്‍
മിടുക്കരല്ലോ നിന്‍ കരുത്താര്‍ന്ന വേരുകള്‍
ഇടവം കഴിഞ്ഞിട്ടും
ഇക്കുറി മഴ പെയ്തതില്ല !
ഋതുക്കളെപ്പോലും മാറ്റി മറിക്കുന്നു!
പൃഥിക്കു മേലുള്ള ദുര മൂത്ത കൈയേറ്റങ്ങള്‍
സുര്യ താപത്താല്‍ എരിപൊരി കൊള്ളും
ഭൂമിതന്‍ പുറം പാളി
വറ്റിവരണ്ടു വികൃതമായെങ്കിലും
ഒരക്ഷരം ഉരിയാടിയില്ലവള്‍
സഹനത്തിന്‍ പ്രതീകം
ഒരു സായം കാലെ
കരിമേഘങ്ങളുരുണ്ടു കയറവേ
വിദ്യുത് വേരുകള്‍ ഭൂമിയെത്തേടി
വിണ്‍ കോണിലൂടെ പടര്‍ന്നിറങ്ങി
ഊഷരഭൂമിതന്‍ ദുഃഖം പെരുത്ത വദനം
കണ്ടു കനിഞ്ഞതാകാം പ്രകൃതി
ഒടുവില്‍ ,പെയ്തിറങ്ങിപ്പരന്നൊഴുകി ജീവജലം
മണ്ണും മഴയും ഒന്നിലൊന്നലിഞ്ഞു..
മൃത ഭൂമിക്കമൃതായ്
മൌനത്തിന്‍ പുറന്തോട് പൊട്ടിച്ചാ കനിവ്
ആഴ്ന്നിറങ്ങിയടരുകളിലൂടെ ...
പുതു മണ്ണിന്‍ ഗന്ധമുയര്‍ന്നു ,
ഋതു ഭേദങ്ങളെപ്പോള്‍
മന്വന്തരങ്ങള്‍ കടന്നു വരും ഗന്ധം
ഭൂമിയോളം പഴക്കമുള്ള
അതി പ്രാചീന ഗന്ധം
പൂത്തും തളിര്‍ത്തും കായ്ച്ചും
ജീവന്റെ ഉത്സവങ്ങള്‍ക്കായ്
ഇനിയല്ലോ മണ്ണിന്‍
ഗര്‍ഭ പാത്രങ്ങള്‍ തുറക്കപ്പെടുന്നത് !
Not connected : |