നിഴല്‍
ചായങ്ങള്‍ ചാലിച്ചു വച്ചിതങ്ങോ സന്ധ്യ
ചിത്രം വരക്കാതെ പോയി,
ശോക വിമൂകമാം തീരങ്ങള്‍ മെല്ലെ
ശ്യാമ രജനിയില്‍ മുങ്ങി,
വാനം കരിമുകില്‍ കുട്ടിലടച്ചിട്ട
വാര്‍ തിങ്കള്‍ പക്ഷി വിതുമ്പി,
ദുഃഖ സാഗരമേ നിന്റെ ഗദ്ഗദങ്ങള്‍
ദിക്കുകള്‍ തോറും പടര്‍ന്നു.
താഴ്വാരമേകാന്ത മാത്രയില്‍ കണ്‍ചിമ്മി
താളം പിടിക്കാതെ നിന്നു,
കാറ്റിന്‍ കയ്യിലെ കുളിരേകിടും മണ്‍കുടം
കാണാമറയത്തുടഞ്ഞു,
മുത്തണി താരമേ നീയെത്ര ദൂരെയെ-
ന്നോര്‍ത്തു നിശാഗന്ധി തേങ്ങി,
രാത്രിയില്‍ വേര്‍പ്പാടിന്നുഷ്ണം സഹിക്കാതെന്‍
രാഗാര്‍ദ്ര ചിന്തകള്‍ തെന്നി.
നീല വര്‍ണ്ണപ്പീലി ചാര്‍ത്തിയെന്നോര്‍മ്മതന്‍
നിശ്ശബ്ദ മയൂരമാടി,
കയ്യെത്തും ദൂരത്ത് ഞാന്‍ വന്നു നിന്നിട്ടും
കെട്ടിപ്പുണരാത്തതെന്തേ?
നിന്‍ നിഴല്‍ മാത്രമാണീ സ്വപനമെന്നുള്ള
നഗ്ന സത്യം ഞാന്‍ മറന്നു,
എന്റെ മനസ്സിലെ വിരഹ വിഷാദമായ്
ഏതോ പരഭൃതം പാടി.
Not connected : |