നാം കാത്തിരിക്കുന്ന ഒരു പ്രണയ ദുരന്തം... - തത്ത്വചിന്തകവിതകള്‍

നാം കാത്തിരിക്കുന്ന ഒരു പ്രണയ ദുരന്തം... 

നിന്നില്‍ ഞാനുണ്ടായിരുന്നല്ലൊ തോഴി
നിറമാര്‍ന്ന ലോകം നീ കാണ്‍മതിന്‍ മുമ്പേ
നിന്‍സിരകളിലൊഴുകിടുന്നൊരാ രക്തത്തില്‍
നീല നയനത്തിന്‍ കാന്തിക പ്രഭയില്‍
നനുത്തൊരാ ചൊടികളില്‍ വിടരും മലരില്‍
നൃത്തമാടിടും നിന്‍ കാര്‍കൂന്തലില്‍
നിലാവിന്‍ പൊന്‍പ്രഭ പാരില്‍ ചിതറും
നീല രാവിലും ഞാന്‍ കൂടെ നിന്നു !
നിദ്രയില്‍ നിന്നുടെ ഹൃദയ താളം ..
നിറമാര്‍ന്ന സ്വപ്നത്തിന്‍ ഹൃദയ രാഗം ..
നിഴലായി നിന്‍ക്കുടെയിത്ര നാളും
നിറമിഴിയാലെ ഞാന്‍ പോയിടട്ടേ ..

കരയാന്‍ കരുത്തില്ല പ്രിയനേയെനിക്കിന്നു
കരിയില പോലെ ഞാന്‍ മണ്ണില്‍ പതിച്ചല്ലോ !
കദനങ്ങളെല്ലാമെരിഞ്ഞടങ്ങീടട്ടെ
കാണാന്‍ കഴിയില്ലയീവിയോഗം ..
കനിവോടെ നീ തന്നൊരാസ്നേഹപ്പൊന്‍പ്പൂക്കള്‍
കാലം കരിച്ചു കളഞ്ഞിടുന്നു ..
കനകാംബരത്തില്‍ നീ കണ്ണിറുക്കുന്നൊരു
കുഞ്ഞിളം താരകമായിടണം !
കണ്‍മണിയിവളിനി മണ്ണടിഞ്ഞിടും
കാരുണ്യ നാഥാ,നീ മാത്രം ബാക്കി ..
കനവുകളെല്ലാം വിട്ടേച്ചു ഞാനെന്‍റെ
കൂരിരുള്‍ ഗേഹമണഞ്ഞിടട്ടേ ..

ആകുല ചിന്തകള്‍ വെടിയെന്‍റെ കാമിനി
ആമോദമായിട്ടിരിക്ക വേണം
ആരും വാഴില്ല പാരിതിലെന്നാളും
ആസത്യമാദ്യമറിഞ്ഞിടണം !
അറിയാതെ നിന്നുടെ ഇച്ചകള്‍ക്കൊപ്പിച്ചു
ആടി തിമര്‍ക്കുകയായിരുന്നു ..
അലിവോടെ നിന്നുടെ ഇഷ്ടാനിഷ്ടങ്ങളെ
അനുധാവനം ചെയ്കയായിരുന്നു ..
ആരോമലേ നിന്നെ മായ്ച്ചു കളഞ്ഞിട്ടു
ആശിക്കുന്നില്ലൊട്ടും പോയിടുവാന്‍
ആത്മാവ് ഞാനൊരു ആത്മീയ ജീവിയാം
ആക്ഞനിറവേറ്റുകയെന്‍ കര്‍ത്തവ്യം !

വിരഹത്താലെന്‍മനമുരുകിടുന്നു
വരികയില്ലനിയീ ബാന്ധവം മണ്ണില്‍ ..
വിരഹിയാമീയെന്നെ വിട്ടേച്ചു പോയിട്ട്
വിണ്ണിലെ താരകമായിടുക !
വ്യസനിച്ചിട്ടേറെ നാമെന്തു കാര്യം ?
വഴ്വിതു മന്നില്‍ ക്ഷണികമല്ലോ !
വീണ്ടും നാം കണ്ടിടാം മറുലോകത്തില്‍
വേദങ്ങളൊക്കെ പറഞ്ഞതല്ലേ !
വിട്ടേച്ചു പതിയെ നീ പോകെ.. പോകെ..
വിളറിടുന്നെന്‍റെ കവിള്‍ത്തടങ്ങള്‍ ...വരളുന്നു ചുണ്ടുകള്‍ ...
വിറളുന്നു കണ്ണുകള്‍ ...പിടയുന്നു നെഞ്ചകം ...
വിട-യിനിയിവളീ മണ്ണിലൊരോര്‍മ്മ മാത്രം ...


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:20-03-2013 11:46:25 AM
Added by :Abdul shukkoor.k.t
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :