തരുമോയെൻ ബാല്യം
തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍
തിരികെ ലഭിക്കുകില്‍ ആ നല്ല നാളുകള്‍
വീണ്ടുമെന്‍ ചേദസ്സിന്‍ അങ്കണം പൂത്തിടും
തിരികെ ലഭിക്കുകില്‍ ശാന്തി തന്‍ നാളുകള്‍
വീണ്ടുമീ പാഴ്മരം ചൂടിടും മലരുകള്‍
ഒരു കൊച്ചു സുപ്തി പോലെന്മനോദര്പ്പണ-
വീഥിയില്‍ വിരിയുന്നു ആ നഷ്ട കൈശോരം
തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍
ഞാവല്‍പ്പഴംത്തേടി ബാലകന്മാരൊത്തു
കുന്നിന്‍മുകളിലലഞ്ഞു നടന്നതും
ചറ പറ പെയ്യുന്ന മഴയില്‍ നനഞ്ഞതും
തുരു തുരെ വീഴുന്ന മാങ്ങ പെറുക്കിയും
കണ്ണന്‍ച്ചിരട്ടയില്‍ മണ്‍പ്പുട്ടു ചുട്ടതും
മിന്നി മറയുന്നുവെന്‍മനോവീഥിയില്‍
തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍
മുറ്റത്ത് ചെളിവെള്ളമണ കെട്ടി നിര്‍ത്തിയ
കാഴ്ച കാണ്‍കെയുമ്മ വടി കൊണ്ട് വന്നതും
തോട്ടുവക്കില്‍പ്പോയി പൂക്കളീറുത്തതും
ഞാറ്റു കണ്ടത്തില്‍ പരലുകള്‍ തപ്പിയും
അല്ലലതൊട്ടുമലട്ടിയില്ലേവര്‍ക്കും
സുന്ദരമായൊരാ നാളുകള്‍ മാഞ്ഞു പോയ്
തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍
ഇന്നൊരു ലോകമെന്‍ കൈകളില്‍ തന്നാലും
ഇല്ലെനിക്കാകുമേ സന്തോഷമായിടാന്‍
പൊള്ളുന്ന പകലിന്റെ പൊള്ളത്തരങ്ങളില്‍
ഇന്നിതാ മരണത്തിന്‍ ശയ്യയില്‍ മൂല്യങ്ങള്‍
നൈതിക മൂല്യങ്ങളെല്ലാം കൊഴിഞ്ഞു പോയ്
നരകമായ് തീര്ന്നല്ലോ ജീവിതം മണ്ണിതില്‍
തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍
ആര്ക്കിന്നു വേണമീയുരുകുന്ന ജീവനം
ആര്ക്കിന്നു വേണമീ കാഞ്ചനത്തളികകള്‍
ആര്ക്കിന്നു വേണമീയെരിയുന്ന നെഞ്ചകം
ആര്ക്കിന്നു വേണമീ പൊരിയുന്ന മാനസം
ആര്ക്കിന്നു വേണമഴലിന്‍ കിരീടങ്ങള്‍
ആര്ക്കിന്നു വേണമീ മായികക്കാഴ്ചകള്‍
തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍
Not connected : |