ബാല്യം തേടി
ഓടിച്ചാടി നടന്നൊരു കാലം
തേടിപ്പോകാമോ?
ആടിപ്പാടി രസിച്ചൊരു കാലം
മാടി വിളിക്കാമോ?
കൂട്ടരുമൊത്ത് കൂവിയൊളിച്ചത്
കണ്ടുപിടിക്കാമോ?
ആറ്റിൽ നീന്തിയ കുളിരാൽ വീണ്ടും
നിന്നു വിറയ്ക്കാമോ?
നനയും മേനിയെ വെയിലാൽ വീണ്ടും
തോർത്തിയുണക്കാമോ?
ഉതിരും മാവിന്നുണിയെ ഉപ്പാൽ
ചേർത്തു കടിക്കാമോ?
പുളിയാൽ കോടിപ്പോകും ചിറിയെ
പുഞ്ചിരിയാക്കാമോ?
പുള്ളിയുടുപ്പുമണിഞ്ഞിട്ടിപ്പോൾ
പള്ളിക്കൂടം അണയാമോ?
പൂക്കുട നിറയെ പൂവും തേടി
പൂക്കളമെഴുതാമോ?
എത്താക്കൊമ്പിലെയൂഞ്ഞാലിന്മേൽ
ആടിയുലഞ്ഞാലോ?
ഊഞ്ഞാലിട്ടൊരു ആഞ്ഞിലിമേലെ
എത്തിക്കയറാമോ?
തെങ്ങിന്നോല പമ്പരവുംകൊ-
ണ്ടോടി നടക്കാമോ?
ഓലപ്പീപ്പിയുമൂതി നടന്നൊരു
കാലം വരുമെന്നോ?
കുഴിയാനകളെ കൂട്ടിനുകൂട്ടി
ചിത്രം വരയാമോ?
കുഴിയാനകളെപ്പോലെ
പിന്നോട്ടൊന്നു നടക്കാമോ?
മുന്നോട്ടാഞ്ഞു നടക്കുംതോറും
മൂപ്പെത്തുകയല്ലേ?
ബാല്യം തേടി നടക്കുകയാണീ
വയസ്സാം കാലത്ത്.
Not connected : |