പ്രണയ ബലി..(കവിത)
നോവൂറിപ്പിളര്‍ന്ന കൈവഴി,
നിണക്കരിയോര്‍മ്മയൊലിപ്പിച്ച്,
നിലാബലി ചെയ്തിന്നു നീ, നിളേ...
നിന്റെ തെളിനീരിലിതളും തുളസിയും
നുകര്‍ന്നതിറ്റു നെറുകിലും ചാര്‍ത്തി ഞാന്‍..
കരകേറിവന്നു നീയെന്നെപ്പുണര്‍ന്നതു-
മെന്റെ കൈവഴിയിലൂടെ പ്പിണഞ്ഞതും
തറയിലങ്കക്കലിനീരുതിര്‍ന്നതും
ഓര്‍മ്മ മാത്രമിനി,യെന്റെയുഷ്ണങ്ങളില്‍!
ബലിപ്പൊള്ളലേറ്റ നിന്‍ മാറിടം..
കെട്ടുതാലിയറ്റ കരയിടം..
മണല്‍ മജ്ജകാര്‍ന്ന് തുരന്നര്‍ബ്ബുദം..
കരിവിരല്പ്പാടാര്‍ന്ന കണ്‍തടം
തൃത്താവടറ്ന്ന പാഴ്ജലം
കാറ്റുകീറിച്ചുരുട്ടിയ മുഖതടം...
കറുക നേദ്യം, നനഞ്ഞ കൈയ്യടി
ശിഷ്ടഭസ്മം കലങ്ങിയ ധമനികള്‍
പവിത്രക്കെട്ടില്‍ മുറുകിയ വയറിടം
മണല്‍പ്പൊക്കിളിലൊരുതുടം വെള്ളരി...
യവനസുന്ദര മദ മാമലപ്പെണ്ണു നീ,
കാവ്യമീരടി തേടിയലഞ്ഞ ഞാന്‍
നിന്റെ മാറിലൂടാറിപ്പടര്‍ന്നതും
നിന്നിലാടിത്തിമിര്‍ത്തു പൊഴിഞ്ഞതും
പിന്നെയാറിയിറങ്ങിയ മദതപം
കാവ്യ കൈവഴിയായിപ്പിറന്നതും...
ശുഷ്കതാളത്തിലൊഴുകുനീ നിളേ
പരദേശി,ഞാനുമതുപോലെയൊഴുകിടാം....
Not connected : |