മിഴി നിറയുമ്പോള്‍ (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍
കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍
മിഴി നിറയുമ്പോള്‍
പടര്‍ന്നതൊക്കെയുമിരുണ്ട രാവുകള്‍
അടര്‍ന്നതാകട്ടെയഴകുളള കനവുകള്‍
മുരടിച്ചുവല്ലോ നിറമുളളയോര്‍മ്മകള്‍
പരിതപിച്ചീടുന്നതല്ലിതെന്‍ കവിതകള്‍.
വിരമിച്ചിടുന്നതെന്നീ; ദു:ഖസന്ധ്യകള്‍?
നരകിച്ചൊരുപാടൊരുപാടുനാളുകള്‍
മരവിച്ചുപോകുന്നതെന്തിന്നു നന്മകള്‍
കലഹിച്ചിടുന്നത,ല്ലിതു നിണപ്പാടുകള്‍.
ഒടുങ്ങട്ടെയാകെയുമെന്നദുര്‍ചിന്തകള്‍
തളിരിട്ടിഴഞ്ഞകാലത്തിന്റെ നിഴലുകള്‍
പിന്‍തുടര്‍ന്നീടുന്നതല്ലിതെ-ന്നഴലുകള്‍
എന്മകള്‍ വേദനിച്ചോതിയ വാക്കുകള്‍.
സൗഹൃദമാകെ മറന്നപോല്‍ രാവുകള്‍
നിദ്രയെന്നില്‍നിന്നകറ്റിയതിന്‍പൊരുള്‍
തേടവേ,യെന്നിടനെഞ്ചിന്‍ തുടിപ്പുകള്‍
ഒരുവേള നിശ്ചലമായതിന്‍ നോവുകള്‍.
പുലരിയാകാതെ മറഞ്ഞയെന്നാശകള്‍
പലകാല,മുള്ളില്‍-ത്തറപ്പിച്ച മുള്ളുകള്‍
മാറ്റവേയിറ്റിടും ചുടുനിണത്തുളളികള്‍
പറ്റിപ്പിടിച്ചയെന്‍ ജീവിത സ്‌മരണകള്‍.
Not connected : |