നിന്നെഞാനറിയുന്നു
നിന്നെഞാനറിയുന്നു
നിന്‍ മന്ദസ്മേരമല്ലോ പുലരി
നിന്നിന്ദ്രജാലമല്ലോ പ്രകൃതി
എന്നന്തരംഗം മയപ്പെടുത്തും
നിന്‍ പ്രതിരുപമല്ലോ ജനനി.
നിന്നെയറിഞ്ഞ മഹാരഥന്മാര്‍
നന്മതന്‍പാത തെളിച്ചമണ്ണില്‍
മന്മനം താഴ്ന്നു പറന്നിറങ്ങേ,
തെന്നലായിന്നുനീ വന്നരികെ.
രാപ്പകലിവിടെ നരര്‍ക്കുവേണ്ടി
തുല്യമായ്‌പ്പണ്ടേപകുത്തുനല്‍കി
ധര-സാഗരങ്ങളില്‍ ഹൃദ്യമായി
ദൃശ്യജാലം നീ ക്രമപ്പെടുത്തി.
നവതൃണനാമ്പിനു ജന്മമേകാ-
നൂഷരഭൂവില്‍നീ വര്‍ഷമായി
തലമുറകള്‍ തവ കരവിരുതില്‍
തിരിയുന്ന ജീവിതഗതിചക്രമായ്.
എത്ര യുഗങ്ങള്‍ കടന്നുപോയി
നീമാത്രമാദ്യന്ത സാക്ഷിയായി
ദൃഷ്ടാന്തമേറേയറിഞ്ഞുയര്‍ന്നോര്‍
പക്ഷെ, നിന്‍ സിദ്ധി മറന്നമട്ടായ്.
നവ പതത്രങ്ങള്‍നീ വീശി മന്ദം
ചാരെവന്നോതുമോരാത്മബന്ധം
അജ്ഞതയാല്‍ ചിലര്‍ക്കന്യമായി
പ്രജ്ഞയുമിന്നു കളവുപോയി.
നിന്‍ പ്രേമസൂനങ്ങളാലുലകില്‍
മാനവര്‍ ചിന്തയലങ്കരിക്കില്‍
സ്മേരമകലുകയില്ല മേലില്‍
നേരറിയുന്നതിന്നാരുപാരില്‍ ?
Not connected : |