ഫീനിക്സ്..... - മലയാളകവിതകള്‍

ഫീനിക്സ്..... 

ഒരുപാടു മോഹങ്ങൾ നെഞ്ചിലേറ്റിക്കൊണ്ടവൾ,

നിറകോടി സ്വപ്നങ്ങൾ നെയ്തു കൂട്ടി.

ഉയിർ തന്ന നാടും, തുണ നിന്ന വീടും,

കളിചിരി മേളമായ് ആടിത്തിമിർത്തൊരാ

ആബാലവൃന്ദം ആത്മ സതീർത്ഥ്യരും

ഇടനെഞ്ചിലോർമ്മ തൻ കണികയായ് സൂക്ഷിച്ച്

സ്വപ്ന സാഫല്യത്തിനായ് യാത്രയായി.....





ആദ്യാക്ഷരങ്ങൾ ഇടതടാതുരുവിട്ട്

അറിവേകി നൽകിയ ഗുരുനാഥ സ്മരണകൾ മനസ്സാവഹിച്ചവൾ

ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുറപ്പിക്കുവാൻ

പുതിയൊരു വീഥിയിൽ ചെന്നു ചേർന്നു......




അവിടെയൊരായിരം കൂട്ടുകാരൊരുമിച്ച്

അറിവിന്റെ നെയ്ത്തിരി വീണ്ടും തെളിയിച്ച്,

ദിനരാത്രമെല്ലാം കഠിനമായ് യത്നിച്ച്

വിജയത്തിനായേറെ പ്രാർത്ഥിച്ചവൾ.....




കാലങ്ങൾ നീണ്ടുപോയ്, കാത്തിരിപ്പാണ്ടു പോയ്

അവളുടെ സ്വപ്നത്തിൽ കരിനിഴൽ വീണുപോയ്.....





പലവുരു കണ്ടൊരാ സ്വപ്നങ്ങളത്രയും

വിധിയെന്ന വാക്കിൽ തളച്ചിട്ടവൾക്ക്

വിലപിച്ചു തീർക്കുവാൻ നേരമില്ല.

ചാരത്തിലുയിർ കൊള്ളും ഫീനിക്സ് പക്ഷി പോൽ,

ചിറകിട്ടടിച്ചവൾ വീണ്ടും പറന്നിടും

പുതിയൊരു സ്വപ്നത്തിന്നതിരു തേടി......


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്.
തീയതി:27-08-2015 04:17:23 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:390
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :