ഈ മഴയത്ത്
പാടവരമ്പിനടുത്തൊരു മണ്‍കുടില്‍
കൂനിക്കൂടിയിരിക്കുമ്പോള്‍
സപ്ത നിറങ്ങളിലൊരു നവചിത്രം
സവിതാവഴകോടെഴുതുന്നു.
നന്മൊഴി മുത്തുകളുരിയാടുംപോല്‍
മഴയുടെ പുതു സ്വരമുയരുന്നു
സ്മൃതിയില്‍ ബാല്യമലര്‍മഴ വീണ്ടും
കുളിരണിയിച്ചിന്നെത്തുന്നു.
സസ്യലതാതികള്‍ മന്ദഹസിക്കെ,
ഭാവന ചിറകു വിരിക്കുന്നു;
അകലേനിന്നൊരു സുസ്മിതകാവ്യ-
ദേവതയെന്നെ വിളിക്കുന്നു.
ഹര്‍ഷലഹരിയിലേറെ ദ്രുമങ്ങള്‍
വര്‍ഷനടനം തുടരുമ്പോള്‍
പൊടിപടലങ്ങളടങ്ങിയ ധരണിയി-
ലുന്മേഷം കൊടിയേറുന്നു.
കുപ്പി വളകള്‍ കിലുക്കി വരുന്നൊരു
കര്‍ക്കടകത്തിന്‍ കളിചിരി പോല്‍
ലളിത മനോഹര നാദത്തില്‍ച്ചെറു-
തോടുകളില്‍ ജലമുയരുന്നു.
മുകിലുകളന്തിയുറങ്ങിയ മന്ദിര-
മുകളില്‍ തങ്ക വിളക്കൊന്നില്‍
തിരി തെളിയുന്നുണ്ടെങ്കിലുമിപ്പോള്‍
തെല്ലു വെളിച്ചം മങ്ങുന്നു.
സൂര്യമയൂരം പീലി നിവര്‍ത്തിയ-
നേരമിരുള്‍ പോയ് മറയുന്നു
വാനിന്‍ പുരികക്കൊടിയൊന്നല്പം
താനേ മേലോട്ടുയരുന്നു.
ഇടവഴി കയറിവരുന്നൊരു സുന്ദര-
ചിന്തയില്‍ ബാല്യം തെളിയുന്നു;
വാടിയിരുന്ന കനവുകള്‍ പോലും
മോടിയിലോടി രസിക്കുന്നു.
നൃത്തം ചെയ്‌വൂ ചിത്ത; മൊരുത്സവ-
ഗാനം പോല്‍ മഴ വര്‍ഷിക്കെ,
ഇല കൊഴിയുന്നത് വേദന;യെന്നാല്‍
മഴ പൊഴിയുന്നതിലാനന്ദം.
Not connected : |