പൂജാമലരുകൾ
ചൂടുന്നു ഞാനിന്നെനിക്കായി നീ നിന്റെ
ചോരയാൽ ചോപ്പിച്ച വാടാമലരുകൾ,
പാടുന്നു ഞാനെന്നുമെന്നെക്കുറിച്ചു നിൻ
പ്രാണനിൽ നീ കുറിച്ചിട്ട കവിതകൾ.
ഓർക്കുന്നു ഞാനിന്നുമൊന്നിച്ചിരുന്നു നാം
പണ്ടൊരേ പാത്രത്തിലുണ്ട ദിനങ്ങളും,
ചെങ്കല്ലു വജ്രമായ് മാറ്റിയ കൈകളാൽ
അന്നമുരുട്ടി നീ ഊട്ടി വളർത്തതും.
കേൾക്കുന്നു ഞനിന്നുമെൻ ദൗത്യ യാത്രയിൽ
നിൻ മനം പൊട്ടി നീ പൊട്ടിക്കരഞ്ഞതും,
രാപ്പാടിയെപ്പോലെ രാത്രി യാമങ്ങളിൽ
ഈശനോടെൻ രക്ഷ കേണപേക്ഷിച്ചതും.
കട്ടാര മുള്ളുകൾ നീക്കിയീ മണ്ണിലെൻ
പാതയിൽ പട്ടു വിരിച്ചു നടത്തി നീ,
പെട്ടുപോവാതെ കെണികളിലൊക്കെയും
വെട്ടവും നീ തന്നെ കാട്ടി നയിച്ചു പോൽ.
ഭദ്രമായ് നീയെൻ കരങ്ങളിൽ കത്തിച്ചു
നൽകിയ നെയ്‌ത്തിരി കെട്ടുപോകാതതിൽ
നിത്യവും ദൈവസ്നേഹം പകർന്നായതിൻ
വെട്ടത്തിൽ മുന്നോട്ടു പോകുന്നു ഞാൻ സദാ.
നല്ലതു മാത്രം നീ കാംഷിച്ചതോർക്കുകിൽ
നന്ദി ചൊല്ലിടുവാനില്ലിന്നു വാക്കുകൾ,
നിൻ പൈതലായി പിറന്നതിലിന്നെനി-
ക്കുള്ളഭിമാനമുൾക്കൊള്ളാ സമുന്ദ്രവും.
ഉള്ളിന്റെയുള്ളിലെ കോവിലിന്നുള്ളിൽ ഞാൻ
നിൻ തങ്ക വിഗ്രഹം തീർത്തു പവിത്രമാം
ആനന്ദ സ്നേഹാദ്ര ദീപം കൊളുത്തി നൽ
പ്പൂജാമലരുകൾ അർപ്പിച്ചിടുന്നിതേ...
Not connected : |