ഭീമസേനന്റെ തിരിച്ചുവരവ്  - തത്ത്വചിന്തകവിതകള്‍

ഭീമസേനന്റെ തിരിച്ചുവരവ്  

ആമുഖം: പാഞ്ചാലിക്കുവേണ്ടി കൽഹാരപുഷ്പങ്ങൾ ശേഖരിക്കുവാനായി സൗഗന്ധികപൊയ്ക തേടി പോകുന്ന വഴി ഭീമസേനൻ കണ്ട അതിമനോഹരമായ നൂറുനൂറു കാഴ്ചകൾ ഒന്നൊന്നായി കുഞ്ചൻ നന്പിയാർ വർണ്ണിക്കുന്നത്....
"കല്ലോലജാലം കളിക്കുന്ന കണ്ടു
കമലമണി നിറമുടയ കമലമതു കണ്ടു" എന്നു തുടങ്ങി
"ഇംഗിതം ചേരുന്ന പുഷ്പങ്ങൾ കണ്ടു
ഇതുസകലമിഹസുലഭമിതി മനസി കണ്ടു" എന്ന്‌ അവസാനിപ്പിച്ചുകൊണ്ടാണ്.
അതേ ഭീമസേനൻ കുറെ ദിവസങ്ങൾക്കു മുൻപ് അതേവഴിതന്നെ ഒന്നുകൂടി പോയിരുന്നുവെങ്കിൽ എന്തൊക്കെയാവാം കണ്ടിരിക്കുക എന്നതാണ് ഈ കവിതയിൽ വർണ്ണിക്കുന്നത്.
-------------------------------------------------
മലിനങ്ങൾ നിറയുന്ന സമുന്ദ്രങ്ങൾ കണ്ടു
മത്സ്യങ്ങൾ ചത്തു മലർക്കുന്ന കണ്ടു
ആഴിയിൽ അഴുക്കു സംഭരിക്കുന്ന കണ്ടു
ജലജന്തുവ്യൂഹം ക്ഷയിക്കുന്ന കണ്ടു.

കാടുകൾ കത്തിയെരിയുന്ന കണ്ടു
കാട്ടാറുകൾ വറ്റിയുണങ്ങുന്ന കണ്ടു
മലർവാടി മരുഭൂമിയാവുന്ന കണ്ടു
മധുരിച്ച കനികൾ കയ്പാവതും കണ്ടു.

കുടിവെള്ളമെങ്ങും കുറയുന്ന കണ്ടു
കുളങ്ങളിൽ കൂത്താടി പെരുകുന്ന കണ്ടു
പക്ഷി മൃഗാദികൾ ക്ഷയിക്കുന്ന കണ്ടു
വൃക്ഷലതാദികൾ ഉണങ്ങുന്ന കണ്ടു.

പൂക്കൾക്കു ശോഭ കുറയുന്ന കണ്ടു
പൂന്തേനിൽ വിഷാംശം കലരുന്ന കണ്ടു
പൂംപാറ്റകൾ വീണു മരിക്കുന്ന കണ്ടു
പുനർജന്മമിനിയുമവർക്കില്ലെന്നു കണ്ടു.

രാപ്പാടി പാടാത്ത രാവുകൾ കണ്ടു
രാവിൽ മിന്നാമ്മിനുങ്ങില്ലെന്നു കണ്ടു
ചീവീടു രാഗം പിഴക്കുന്ന കണ്ടു
പൂർണേന്ദു മുഖംവാടിയിരിക്കുന്ന കണ്ടു.

ഉദയാർക്കനുണരാൻ മടിക്കുന്ന കണ്ടു
പലപ്പോഴുമാമുഖം കറുക്കുന്ന കണ്ടു
അവനുമ്മവെക്കാത്ത കമലങ്ങൾ കണ്ടു
തലകുനിച്ചവനിന്നു കരയുന്ന കണ്ടു.

വിളവുതിന്നുന്നോരു വേലികൾ കണ്ടു
വിതച്ചോൻ വിശന്നു മരിക്കുന്ന കണ്ടു
മരിച്ചോന്റെ കീശയും കവരുന്ന കണ്ടു
മനുഷ്യനന്ന്യോന്ന്യം ചതിക്കുന്ന കണ്ടു

പാതയിൽ പൈതങ്ങൾ ഉറങ്ങുന്ന കണ്ടു
പട്ടിണികൊണ്ടവർ മരിക്കുന്ന കണ്ടു
പ്രജാപതികൾ അതേ പാതയിൽ നടക്കുന്ന കണ്ടു
കണ്ടതില്ലിവയൊന്നും എന്നവർ നടിക്കുന്ന കണ്ടു.

കൊലയാളി ന്യായാധിപനാവുന്ന കണ്ടു
സാധു കാരാഗൃഹം പൂകുന്ന കണ്ടു
ശിശുഭോഗിമാരായ സിദ്ധരെ കണ്ടു
ഉപദേശി വ്യഭിചരിക്കുന്നതും കണ്ടു.

മാതാവുപേക്ഷിച്ച മക്കളെ കണ്ടു
മനുഷ്യബന്ധങ്ങൾ തകരുന്ന കണ്ടു
ബന്ധനമായ്‌തീർന്ന ബന്ധങ്ങൾ കണ്ടു
ബന്ധുവിൻ കുതികാലു വെട്ടുന്ന കണ്ടു.

നന്മക്കു പ്രസക്തി കുറയുന്ന കണ്ടു
നല്ലതു ചെയ്തോരെ കൊല്ലുന്ന കണ്ടു
നരകങ്ങൾ അനുദിനം പെരുകുന്ന കണ്ടു
നല്ലോരുലകം നശിക്കുന്ന കണ്ടു.

സാധുക്കളെല്ലാം സഹിക്കുന്ന കണ്ടു
സകലതും അവർക്കു പൊയ് പ്പോവതും കണ്ടു
തത്ത്വങ്ങളെങ്ങും ഭരിക്കുന്ന കണ്ടു
സത്യങ്ങൾ വീണു മരിക്കുന്ന കണ്ടു.

നാശംവിതച്ചോരിളിക്കുന്ന കണ്ടു
നാണവും ബോധവുമവർക്കില്ലെന്നു കണ്ടു
കഴുകരാമാവർ ശവങ്ങൾ കൊത്തിത്തിന്നുന്ന കണ്ടു
കഴുതയാം ജനകോടിയെങ്ങും കരയുന്ന കണ്ടു

മരിക്കുന്ന ഭൂദേവി വിറക്കുന്ന കണ്ടു
അലയാഴി വാവിട്ടലറുന്ന കണ്ടു
അർക്കന്റെ മുഖമുജ്ജ്വലിക്കുന്ന കണ്ടു
അന്ധകാരത്തിന്റെ വിത്തുകൾ കണ്ടു

ഇങ്ങനെ കാണരുതാത്തവയൊക്കയും കണ്ടു
ഇടിമിന്നലേറ്റപോൽ കരളെരിയുന്ന കണ്ടു
ഇടനെഞ്ചിലൊരു നൊന്പരമിഴയുന്ന കണ്ടു
ഇനിയിവിടെ തുടരുവതെളുതല്ലെന്നു കണ്ടു.


up
0
dowm

രചിച്ചത്:Thomas Muttathukunnel
തീയതി:11-06-2016 04:49:50 PM
Added by :Thomas Muttathukunnel
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :