ഒരു യുദ്ധമുഖ ലേഖകന്റെ യാത്രാമൊഴി
പിരിയണം, നാം അകലണം, എന്നുള്ള
ജന്മയോഗം വരച്ചിട്ട ചിത്രങ്ങൾ
പുലരുവാൻ നാം രണ്ടു വഴികളിൽ
കാലചക്രത്തിന് തേരുകളിലേറി
പ്രയാണം തുടങ്ങണം, എന്നുരഞ്ഞ-
നേരമെൻ കണ്ഠമിടറിയോ? ഹൃദയത്തി-
ലൊരുപക്ഷി ചിതറിയോ? ചുടുചോര
തുള്ളികൾ തെറിച്ചതെൻ കണ്കളിലശ്രു
ബിന്ദുക്കളായ് നിറഞ്ഞതു കണ്ടില്ലാരും,
തുടച്ചത് കൈകളോ? തൂവാലയോ?
കാഴ്ചകൾ മുമ്പിൽ മങ്ങിയോ?
കാലചക്രം നയിക്കുന്ന വഴികളിൽ
രണ്ടു മാർഗം പുറപ്പെട്ടു പോകവേ
വീണ്ടും കണ്ടുമുട്ടുമോ എന്നുള്ള
തേങ്ങലുള്ളിൽ തലതല്ലി വീണുവോ?
മുൻപിൽ പോയവരാരും വരവില്ല
എങ്കിലും വെളിച്ചത്തിന് തുരങ്കത്തിനറ്റ-
ത്തുനിന്നവർ വിളിക്കുന്നു, കൈകൾ നീട്ടി
കൺകൾ നീട്ടി...
കഠിനമാണീ വഴികൾ മുന്നിൽ
മനുഷ്യ സർപ്പങ്ങൾ, വ്യാഘ്രങ്ങൾ
കരിഞ്ഞു പറക്കും വീഥികൾ,
ബാഷ്പമായ് ധൂമപടലങ്ങളായ്
മറയുന്ന മർത്യ ജന്മങ്ങൾ,
രുധിരമാർന്ന കൈകളിൽ
ഭരണ ചക്രം തിരിക്കും
കുടില ജന്മങ്ങൾ,
ചിതറിത്തെറിക്കും ചാവേറുകൾ,
രുധിരവർണ്ണത്തിൽ കടലിളകുമ്പോൾ
ഒഴുകിയണയുന്ന ചീഞ്ഞ ശരീരങ്ങൾ ,
ആകാശങ്ങളിൽ നിന്നു പെയ്തൊരഗ്‌നി
മഴയിൽ ചുമരിൽ കരിഞ്ഞൊട്ടിയ ശിശുക്കൾ
ചോരയുടെ മണമുള്ള കാറ്റിൽ
അമ്മതൻ കണ്ണുനീരുപ്പുകൾ
എയ്തു വിട്ടൊരസ്ത്രങ്ങളെന്നപോൽ
കാലമെല്ലാം തുടച്ചുകൊണ്ടോടുന്നു
തിരികെ വരികില്ലയൊന്നുമെന്നറികിലും
വെറുതെ മോഹിക്കുവാൻ മനസ്സിലൊരു മോഹം
പിരിയണം എന്നുള്ള ജന്മയോഗങ്ങളിൽ
കുറിച്ച ചിത്രങ്ങൾ പറയുന്നത് പുലരുവാൻ
നാം രണ്ടു വഴികളിൽ കാലചക്ര തേരുകളിലേറി
വെറുതെ പാഞ്ഞു പോകുക, കണ്ടു മുട്ടണം വീണ്ടു-
മൊരുവേള, പ്രകാശം ജ്വലിക്കും തുരങ്കത്തിനക്കരെ
ഞാനുമൊരുവേള കാത്തുനിന്നിടാം,
കൺകൾ നീട്ടി ഞാൻ കാത്തു നിന്നിടാം
കൈകൾ നീട്ടി ഞാൻ കാത്തു നിന്നിടാം
രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:29-06-2016 06:31:28 PM
Added by :HARIS
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |