മലയാളം
കുഞ്ചന്റെ തുള്ളൽക്കവിതയിലെ
തുള്ളുന്ന ഹാസ്യമീ മലയാളം
തുഞ്ചന്റെ രാമായണത്തിലെകിളി
ക്കൊഞ്ചലിൽ കാകളി മലയാളം
പാരതന്ത്ര്യം മൃതിയേക്കാൾ ഭയത്തോരു
കവിയുടെ തേന്മൊഴി മലയാളം
ഞെട്ടറ്റു വീണ പൂവിൻ കണ്ണീർ വർണ്ണിച്ച
ആശാന്റെ പ്രിയമൊഴി മലയാളം
ചരമഗീതം പാടി ഭൂമിയെ വന്ദിച്ച
ഒ എൻ വി തൻ കാവ്യ മലയാളം
ഉള്ളൂരും വയലാറും ചങ്ങമ്പുഴയും
ഒരുപാട് പ്രണയിച്ച മലയാളം
മാമലനാടിന്റെ മലയാള മണ്ണിന്റെ
മധുരമൊഴിയായ മലയാളം
വിത്തുവിതച്ചു വിള കൊയ്യുന്ന പാടത്ത്
വീശുന്നതെന്നലീ മലയാളം
ആടിത്തിമിർത്ത് ഉറഞ്ഞ് തുള്ളീടുന്ന
തെയ്യത്തിൻ തോറ്റവും മലയാളം
നാവോറു പാടുന്ന പുള്ളുവൻ പാട്ടിന്റെ
ഈരടിച്ചിന്താണ് മലയാളം
അമ്മമാർ പാടിയുറക്കുന്ന താരാട്ടു
പാട്ടിന്റെ ഈണമീ മലയാളം
മുത്തശ്ശി പാടുന്ന പൂന്താനപ്പാന തൻ
വിജ്ഞാനമുറവിടം മലയാളം
കളകളമൊഴുകന്ന ഓളങ്ങളുള്ളോരു
പുഴയിലെ കുളിരുള്ള മലയാളം
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷയാണെന്ന്
ഉച്ചത്തിലോതിയ മലയാളം
ആംഗലേയം മാത്രമോതുവാൻ ശീലിക്ക
യാണിന്നു പ്രിയമൊഴീ നിന്റെ മക്കൾ
നാളെ നിൻ ഗതിയെന്തെന്നോർക്കുക വയ്യ
കേരളക്കരയുടെ അഭിമാനമേ
Not connected : |