വായാടിക്കിളി നീ,യിവനായ് കാക്കുക ഞാനോടി വരാം
വായാടിക്കിളി നീ,യിവനായ്
കാക്കുക ഞാനോടി വരാം
വൈകാതൊരു പൂക്കാലം പോ-
ലിവനോടിവരാമരികില്‍.
അതുവരെ,യെന്‍ കനവും കണിയും
കവിതയു,മാക്കരിമിഴിയും
മായാത്തൊരുചന്ദനവരയും
പൊട്ടും പൂപ്പുഞ്ചിരിയും
വിടരും പുതുപുലരിക്കുളിരും
കനിവും കളമൊഴിയും കതിരും
തുടുസന്ധ്യകള്‍ വിരിയും കവിളില്‍
തിരളും നിന്‍ നാണവുമല്ലോ.
പൊള്ളും മമഹൃത്തില്‍ നിനക്കായ്
വാഗ്ദാനപ്പുക്കളമില്ല,
എന്നെന്നും നിന്നെ മൂടാന്‍
പൊന്നില്ല, പട്ടുകളില്ല.
കല്ലുണ്ട്, കാഞ്ഞിരമുണ്ട്,
മാറാ ദുഃശ്ശീലവുമുണ്ട്,
ചേറുണ്ട്, മുങ്ങിപ്പൊങ്ങാ-
നാകാത്ത കയങ്ങളുമുണ്ട്.
ഇവയൊക്കെ നിനക്കേകാനാ-
യൊരുജന്മതപസ്സൊഴുകുമ്പോള്‍
വായാടിക്കിളി നീയിവനില്‍
പകരുക, നിന്‍ രാഗവിശേഷം
തീരത്തൊരു നനുനനു നോവിന്‍
നുര പതയും പ്രണയത്തിരകള്‍.
ചെറുതാമൊരു കൂട്ടിന്നുള്ളില്‍
ചിറകുകളാല്‍ ചൂടേകാനും
നീള്‍മിഴികള്‍ നിരയുമ്പോഴാ-
നീര്‍മുത്തുകളൊപ്പീടാനും
കാര്‍കൂന്തല്‍ കോതിയൊതുക്കി
മഴവില്ലുകള്‍ ചൂടിക്കാനും
പോര്‍മുകിലിടിമിന്നല്‍ മഴയാ-
യണുതോറും പെയ്തുണരാനും
ഒരു വാക്കിന്‍ നോക്കില്‍ സ്വര്‍ഗം
വിരിയിക്കും നിന്‍ കാരുണ്യം
ഒരുനാളും പൊലിയാതെന്നുടെ
കരളില്‍ കുടി വച്ചീടാനും
വിങ്ങും മമഹൃത്തില്‍ നിനക്കാ-
യനുരാഗപ്പേക്കളമുണ്ട്,
എന്നെന്നും നിന്നില്‍ നിറയാന്‍
വെമ്പും നിലവിളികളുമുണ്ട്.
ഇവയൊക്കെ നിനക്കേകാനാ-
യൊരു ജന്മം പിടിവഴുതുമ്പോള്‍
വായാടിക്കിളി നീ,യിവനില്‍
പകരുക നിന്‍ താളം ചടുലം
തീരാത്തൊരു സ്‌നേഹവിരുന്നില്‍
കരകവിയും പ്രണയം പ്രളയം.
മൃദുചുംബനമന്ത്രത്തകിടില്‍
ദളമെട്ടുവര,ച്ചതിദിവ്യം
വര്‍ണങ്ങള്‍ ചേര്‍ക്കും കവചം
കരവലയം കരുതും ഭദ്രം.
അതിജീവനഹൃദയമിടിപ്പില്‍
കുതിരും നിന്‍ തരുണരഹസ്യം
നനവാര്‍ന്നൊരു മണ്ണു തുടിക്കും
സൃഷ്ടിസ്ഥിതി കര്‍മ്മരതങ്ങള്‍
കാമം നീ, കനിയും നീയേ,
നിയമം നീ, യമവും നീയേ,
നേരും നീ, നെറിവും നീയേ,
മൗനം നീ,യറിവും നീയേ,
വാഴ്‌വും നീ,യുലകും നീയേ,
ഒളിയും നീ,യൊലിയും നീയേ,
കാവ്യം നീ, ധ്വനിയും നീയേ,
പൊരുളും നീ,യൊഴിവും നീയേ.
ഒരുജന്മതപസ്സിന്നൊടുവില്‍
മോക്ഷത്തിന്‍ വരമന്ത്രങ്ങള്‍,
വായാടിക്കിളി നീ,യിവനില്‍
പകരുക ശിവശ്ശക്തി നിയോഗം
തീരങ്ങള്‍ നമ്മളൊരുക്കും
സുരഗംഗാതീര്‍ത്ഥം സ്‌നേഹം.
Not connected : |