കയറും കഥയും
നടക്കാൻ മടിച്ചൊരു
അറവുമാടിനോടും
കഴുത്തിലെ കയറൊരു
കഥ പറഞ്ഞു....
ഒരുകുഞ്ഞുടലൊരുകൂട്ടം
ചിതലുകൾ പങ്കിട്ടു ഭക്ഷിച്ച
ദരിദ്ര കഥ...
സ്വർഗ്ഗത്തെ തേടിയ ചെന്നീറ്
പണ്ടൊരു ചാവേറായ്
തീർന്നൊരു ചേറ്റ് കഥ...
നിലയ്ക്കാത്ത കുളിരിലായ്
പെൺമനം ചൂടിയ
ഇത്തിരിച്ചൂടുള്ള
പ്രണയ കഥ...
നഗരത്തിരക്കിലെ
നാടോടി ബാലിക
രാവിന്റെ നാഴിക
നാഴൂരിപ്പച്ചരിയ്ക്കളന്ന കഥ...
നേരിൻ ചിലങ്കകൾ
കിലുങ്ങാൻ മറന്നപ്പോൾ
ചെക്കിട്ടപ്പല്ലികൾ
ചിലച്ചു മരിച്ച കഥ...
മണ്ണിന്റെ കണ്ണീര്
പെണ്ണുതന്നെന്നുറക്കെ-
പ്പറഞ്ഞു പോയ്
മുത്തശ്ശിക്കഥ...
കഥയും മുറുകിയാ
കയറും മുറുകി;
മാടിന്റെ നെറ്റിമേൽ
പറന്നെത്തി ചുറ്റിക,,,
പാവത്തിൻ ജീവനോ;
മാടപ്പിറാവായി,,,
മാനത്തൂടെങ്ങോട്ടോ
പറന്നും പോയി....!
Not connected : |