മായാ മരീചിക
മായാ മരീചിക
ലോകമീകാണുന്നതോന്നുമല്ലോമനേ,
നമ്മളാ കാണും മലയുടെ ചാരത്തഗാധമാം
ഗർത്തമൊന്നുണ്ടതിന്നപ്പുറം
കാണുന്നതില്ല നാമാനന്ദമെങ്ങും
കളിയാടിടുന്നൊരാ സ്വർഗീയ താഴ്വര.
ദിവ്യമാം സ്നേഹത്തേനാറുകളൊഴുകുന്ന,
സത്യധർമ്മങ്ങളനശ്വരമാക്കിയ,
സംതൃപ്തിയെങ്ങും വിളയാടിടുന്നൊരാ
നിത്യ വസന്തം നിലക്കാത്ത താഴ്വര.
ആറ്റുതീരത്തെ ചതുപ്പിൽ തളംകെട്ടി
നിൽക്കുന്ന വെള്ളത്തിൽ നിന്നിര തേടുന്ന
കൊക്കറിയുന്നില്ല; വില്ല് കുലക്കുന്ന
വേടന്റെ നീക്കങ്ങളെന്ന പോൽ നമ്മളും
കുരുന്നലകളും കൂറ്റൻ തിരകളും
കബഡി കളിച്ചുല്ലസിക്കുവനെത്തുന്ന
പഞ്ചാര മണലിന്റെ മാറിലിരിക്കവേ,
ഓർക്കുന്നതില്ല നാം; കടലിലൊളിക്കുന്നൊ-
രർക്കനന്നേര മുദിക്കുന്ന ഭൂവിനെ.
ഇന്നിതാ പോകുന്നു, നാളെ പിറക്കുമോ?
നാളെ പുലരുമ്പോൾ നമ്മളുണ്ടാവുമോ?
വർത്തമാനത്തിന്നുലകിൽ പറുദീസ!
തേടിയലയുന്ന മിഥ്യാവബോധമേ!
ഭൂതം മറന്നു, ഭവിഷ്യത്തു കാണാതെ
വിസ്മൃതി പൂണ്ടു ഗമിക്കുന്ന മർത്യന്നു
വിസ്മയം നശ്വരമീ സത്ര പാതാ
പഥികരായ് മാറുന്നു ലക്ഷ്യമിന്നെങ്കിലേ
പാലാഴി തോൽക്കുന്ന വെണ്മയായ് നാം കാണു
മാകാശസാഗരമെന്ന പോലുണ്മയും
കാനൽ ജലം പോലെ സൃഷ്ടികൾ ക്കന്യമായ്
സത്യവും നീതിയും ധർമ്മ ശാസ്ത്രങ്ങളും.
'അഹ'മെന്ന മരുഭൂവിൻ സ്വാർത്ഥ താപത്തിനാൽ
ശരണാലയം തേടും സ്നേഹ ദാഹാർത്തരായ്
അലയും പഥികർക്കനതി വിദൂരമായ്
ശുദ്ധ ജലാശയമെന്ന പോൽ നാം കാണും
മായാ മരീചിക കണ്ടു ഭ്രമിച്ചിടാ.
--എസ് ഏ അൽഅൻസാരി --
Not connected : |