ഗാസ കരയുന്നു
ഗാസ കരയുന്നു
വീണ്ടുമൊരു കുരുക്ഷേത്ര
ഭൂമിയിതായിവിടെ
ആരുടെയോ പോർവിളികൾക്കി -
രയായി പിടഞ്ഞുവീണു
വെള്ളരിപ്രാവുകൾ
ഇവിടെ ചിരികൾ വിരിയുന്നില്ല -
യെങ്ങും നിറയുന്നത,ലമുറകൾ മാത്രം
മനുഷ്യഗവേഷണത്തിനന്ത്യ ഫലമായി
കരിഞ്ഞുവീണു മനുഷ്യക്കോലങ്ങൾ
ചോരയിൽ കുളിച്ചുകിടന്നൊരാ-
പിഞ്ചുപൈതലിനായറിയാതെ
ചുരന്നൂ ഒരമ്മ തൻ മാറിടം
അവനെ നെഞ്ചോടടക്കുമ്പോഴോ
അവരുടെ കൈകൾ രക്തമയം
തനിക്കന്നം വിളമ്പിയിരുന്നാ
കൈകൾ വേർപെട്ടത് കണ്ടൊ-
രുവൻ നിലവിളിക്കുന്നു
തന്റെ പ്രിയതമക്കായ് .
ഉറ്റവരെതേടിയലയുന്നവര,വരുടെ
പാദങ്ങൾ ചുടുചോരയിൽ
പതിക്കുമ്പോൾ ഞെട്ടുന്നു,
ഹൃദയം നുറുങ്ങുന്നു,
മിഴികൾ നിറയുന്നു
സ്വന്തബന്ധങ്ങളറിയാത്ത
കാട്ടാള ജന്മങ്ങൾ കുരുതി
കൊടുക്കുന്നു നാളത്തെ ജനതയെ .
ആ മണ്ണിലലിഞ്ഞു ചേർന്നു
ഹൃദയം നിലച്ച ശരീരങ്ങളു -
മതിൽ നെയ്ത സ്വപ്നങ്ങളും.
താൻ ചെയ്ത തെറ്റെന്തെന്നറി-
യാതൊരു ജനത ശിക്ഷ
ഏറ്റു വാങ്ങുന്നു ,ശേഷം
അവരുടെ തെറ്റുകൾ തേടുന്നു .
ഗാസതൻ പുൽനാമ്പുകൾ പോലും
വിറയ്ക്കുന്നു ,നടുക്കുന്നോ-
രോർമയിൽ വീഥികൾ കരയുന്നു
യുദ്ധത്തിൽ ജീവനവശേഷിച്ചവരോ
ചിരിക്കാൻ മറക്കുന്നു
നെഞ്ചുപിളർക്കുന്ന യുദ്ധങ്ങളിനി
പുനരവതരിക്കാതിരിക്കട്ടെ
പിഞ്ചുബാല്യങ്ങൾ ചിരിച്ചു
വളരട്ടെ ,ചോര ചിന്താതെ ,
കണ്ണീരുകളില്ലാതെ ഗാസയി-
ലിനി ചിറകടിച്ചുയരട്ടെ
വെള്ളരിപ്രാവുകൾ.
Not connected : |