നിള - തത്ത്വചിന്തകവിതകള്‍

നിള 

ഒരു പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
പേരു ചോദിച്ചിട്ടില്ല.
ആരും പറഞ്ഞു തന്നതുമില്ല.

ചരിത്രത്തില്‍ ചൂര്‍ണ്ണിയും
ചിലപ്പതികാരവും
വെള്ളപ്പൊക്കവും വഞ്ചി-
ത്തുറമുഖനാശവും
പഠിച്ചതാണ്. പരീക്ഷയില്‍
ജയിച്ചതാണ്.

ഭൂശാസ്ത്രത്തില്‍ ഈ നദിതൻ
നീല ഞരമ്പുകള്‍
ഭംഗിയില്‍ വരച്ചതാണ്. മാര്‍ക്കു
വാങ്ങിച്ചതാണ്.

ആ പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
പേരു ചോദിച്ചിട്ടില്ല.
ആരും പറഞ്ഞു തന്നതുമില്ല.

ഒരു പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
കാണാന്‍ പോയിട്ടില്ല.
ആരും കൊണ്ടുപോയതുമില്ല.

കുറ്റിപ്പുറത്തേക്കു പോകുമ്പോള്‍ മാത്രം ഞാന്‍
ബസ്സിന്റെയുള്ളില്‍ നിന്നലസമായ് നോക്കിടും.
യാത്രയില്‍ ‘നീരാടുവാൻ നിളയിൽ നീരാടുവാൻ .’ ഗാനത്തിന്‍ കുളിരില്‍ ഞാന്‍
ആഴ്‌ന്നുപോയീടും, തന്നത്താന്‍ മറന്നുപോയീടും.

ആ പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
കാണാന്‍ പോയിട്ടില്ല.
ആരും കൊണ്ടുപോയതുമില്ല.

ഒരു പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.

ഒരിക്കലുമതില്‍ മുങ്ങി നനഞ്ഞതില്ല.
പുഴക്കരക്കറ്റിലുണങ്ങിയതുമില്ല.
ഒരു കുമ്പിള്‍ കോരി മുഖം കഴുകീല.
ഒരു തുള്ളി പോലും രുചിച്ചു നോക്കീല.

ഒരു സ്വപ്നത്തില്‍ പോലും ഉറവപൊട്ടീല.
ഒരു കവിതയില്‍ പോലും ഒഴുകിവന്നീല.

ആ പുഴയെന്‍ വീട്ടീന്നരമൈലകലത്തില്‍.
എപ്പോഴുമകലത്താപ്പുഴ.

ഇത് വരെയും മനസ്സറിയാൻ പറ്റാത്തൊരു മൂകയായി .............


up
0
dowm

രചിച്ചത്:അനീഷ് കാരാട്ട്
തീയതി:21-08-2016 03:19:05 PM
Added by :Aneesh Karatt
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :