ദൈവത്തിന്റെ സ്വന്തം, പിശാച്
എൻറെ പ്രിയ സൃഷ്ടാവിന്,
സുഖമാണോ എന്നു ഞാൻ ചോദിക്കുന്നില്ല, അങ്ങു അനുഭവിക്കുന്ന തീയുടെ ചൂട് എനിക്കറിയാം, പക്ഷെ എന്നെ മറന്നുവോ എന്നു ചോദിക്കേണ്ടിവരുന്നു.... കാരണം, ഈ ഒരു ദുർഘട സമയത്തിൽ എങ്കിലും എന്നെ ഓർക്കുമെന്നും, അങ്ങയിലേക്കു തിരിച്ചു വിളിക്കുമെന്നും ഞാൻ പ്രതീക്ഷിച്ചു…., വെറുതെ മോഹിച്ചു...എന്തിനാണ് ഈ ദുരഭിമാനം, ഒരു പുനർചിന്തനം ആയിക്കൂടെ. ഞാൻ...ഞാൻ...അങ്ങയുടെ മറുപുറം തന്നെയല്ലേ...
ഇന്നും എന്റെ ഓർമയിൽ ആ സുദിനങ്ങൾ മിന്നി മറയുന്നു, കണ്ണുകൾ പതിയെ തുറന്നു പ്രകാശ പൂരിതമായ അങ്ങയുടെ സുന്ദര വദനം ആദ്യമായി കണ്ട ആ മാത്ര, എനിക്കു ജ്ഞാനത്തിൻറെ അമൃത് പകർന്നു നൽകിയ ദിനങ്ങൾ, ലോക സൃഷ്ടാവായ അങ്ങയുടെ തണലിൽ ഒരു ദാസനായി സേവിക്കാൻ ലഭിച്ച ഭാഗ്യം, ഒരു അടിമയിൽ നിന്നും എന്നെ കൈ പിടിച്ചു ഉയർത്തിയ നിയോഗം, അങ്ങയുടെ പുണ്യ സൃഷ്ടിയായ, മാലാഖാമാർക്കു ജ്ഞാനം പകരാൻ എന്നെ തിരഞ്ഞെടുത്ത അങ്ങയുടെ മനസ്സ്, എല്ലാത്തിനും മുൻപിൽ ഇന്നും ഞാൻ ആദരവോടെ നമിക്കുന്നു. അങ്ങയുടെ കാരുണ്യവും, സ്വർഗ്ഗത്തിന്റെ നന്മയും, പ്രപഞ്ചത്തിന്റെ മനോഹാരിതയും ഒത്തു ചേർന്ന സുന്ദരമായ ഒരു കാലഘട്ടം.
ഒരു നിമിഷം കൊണ്ടു എല്ലാം മാറുവാൻ തുടങ്ങി, അങ്ങു "മനുഷ്യൻ" എന്ന മൃഗത്തിനെ സൃഷ്ടിച്ച മാത്ര മുതൽ എന്നു പറയാം...എന്റെ വാദങ്ങൾ ഒന്നും ചെവികൊണ്ടില്ല,
ആ "പുരുഷ മൃഗത്തിന്റെ" സൃഷ്ടിയെ എതിർത്ത് മുതൽ ആണോ അങ്ങു എന്നെ വെറുത്ത്?
പൂർണരൂപിയായ മനുഷ്യന്റെ സൃഷ്ടിയിൽ ലേശം അഹങ്കരിച്ചു എന്നു ഒരിക്കൽ അങ്ങു തന്നെ പറയുക ഉണ്ടായി,
പക്ഷെ ഇന്ന് ഞാൻ ആണ് ശെരി എന്നു അങ്ങേക്ക് തോന്നുന്നില്ലേ?
തോന്നുന്നില്ലേ ആ നശിച്ച സൃഷ്ടി വേണ്ടിയിരുന്നില്ല എന്ന്??
പരിഭവിച്ചു നിന്ന എന്നെ മാറോടു അണച്ചു അങ്ങു മനുഷ്യ സൃഷ്ടിയുടെ ഉദ്ദേശ്യം ഓതിയതു ഇന്നും എന്റെ കാതുകളിൽ അലയടിക്കുന്നു....
"ഞാൻ ഒരു പ്രകാശം, നീ എന്റെ ദാസൻ, മാലാഖമാർ സ്വർഗ്ഗവാസികൾ, അപ്പോൾ എന്റെ സുന്ദരമായ ഭൂമിയെ ആര് സംരക്ഷിക്കും? പർവതങ്ങൾ,ജലാശയങ്ങൾ, മരങ്ങൾ, സസ്യജാലങ്ങൾ, മറ്റു മൃഗ ജാതികൾ, തുടങ്ങിയ പ്രപഞ്ച സ്വത്തുക്കൾ എന്റെ പുത്രനായ മനുഷ്യൻ സംരക്ഷിക്കും".
മൗനമായി നിന്ന എന്നെ അതിശയിപ്പിച്ചു കൊണ്ടു അങ്ങു വീണ്ടും സൃഷ്ടിച്ചു "സ്ത്രീ", പുത്രന് കൂട്ടായി,
അതിനും ഉണ്ടായിരുന്നു ന്യായം
"അവനും, അവളും അവരുടെ പരമ്പരകളും ചേർന്നു കാലാകാലം പ്രപഞ്ചത്തെ സംരക്ഷിക്കുമെന്ന്"...
എന്റെ വാദമുഖങ്ങളിൽ അസൂയ പ്രതിഭലിച്ചോ എന്ന് പോലും അങ്ങു സംശയിച്ചു...
എന്നിട്ടു അവസാനം എന്തായി?
എന്തിനു നമ്മുടെ ആരംഭം തന്നെ പിഴച്ചില്ലേ?
ഇതു വായിക്കുമ്പോൾ അങ്ങയുടെ കണ്ണുകൾ നിറയുമെന്നു എനിക്കറിയാം, എങ്കിലും ആ ശിരസ്സു ഒരിക്കലും കുനിയരുത്...എന്റെ അപേക്ഷയാണ്...
ഓർക്കുന്നുവോ, ഞാൻ ആദ്യമായി അങ്ങയെ ധികരിച്ച നാൾ?
ഈ മനുഷ്യന് വേണ്ടിയാണ് എന്നെ തള്ളി പറഞ്ഞത്...ഞാൻ വ്യക്തമായി ഓർക്കുന്നു...സ്വന്തം പുത്രന്റെ സൃഷ്ടിയിൽ മതി മറന്ന്, അങ്ങു അവനെ കുമ്പിട്ടു വണങ്ങാൻ ഞങ്ങളോട് ആവിശ്യപെട്ട ദിവസം...മാലാഖമാർ വണങ്ങിയിട്ടും അനങ്ങാതെ നിന്ന എന്നെ ഉറ്റുനോക്കിയ അങ്ങയുടെ കണ്ണുകളിലെ കോപാഗ്നിയെ കുറിച്ചു ചിന്തിക്കുമ്പോൾ, ഇപ്പോഴും എന്റെ ദേഹി ഉരുകുന്നു, എങ്കിലും ഞാൻ വണങ്ങില്ല, എനിക്കു പശ്ചാത്താപമില്ല, കാരണം അങ്ങയുടെ മുന്നിൽ അല്ലാതെ ഒരിടത്തും ഈ ശിരസു താഴില്ല, എന്റെ പിതാവിനെ, എന്റെ സൃഷ്ടാവിനെ വണങ്ങുന്ന കൈകൾ മറ്റൊരാളെയും വണങ്ങില്ല...ഇതു സത്യം...പക്ഷെ എന്റെ നിർഭാഗ്യം, അങ്ങു എന്റെ വികാരങ്ങൾ അറിഞ്ഞില്ല, അല്ലേൽ പുത്ര സ്നേഹത്തിന്റെ അന്ധതയിൽ അറിയാൻ ശ്രമിച്ചില്ല... അന്ന് ഞാൻ ചെയ്തത് ശെരിയാണെന്നു എപ്പോഴും കരുതുന്നു, പക്ഷെ അങ്ങയെ ധികരിച്ചതിനു അന്നും ഇന്നും മാപ്പ്..മാപ്പ്..മാപ്പ്...
ഒരു പക്ഷെ ആ സംഭവം ആകാം നമ്മുടെ ഇടയിൽ വിള്ളലുകൾ വീഴ്ത്തിയത്, അതിനു ശേഷം അങ്ങു എന്നോട് ഒരു അന്യനെ പോലെ പെരുമാറി, ഞാൻ ഒന്നും മിണ്ടിയില്ല, എത്ര നാൾ ഒരേ സ്വർഗത്തിൽ അന്യരെ പോലെ നമ്മൾ കഴിഞ്ഞു.... മനുഷ്യന് ജ്ഞാനം നൽകാൻ മാലാഖമാരെ ഏല്പിച്ചു, ഞാൻ വെറും കാഴ്ചക്കാരനായി നിന്നു...മനസിൽ ഒരു പ്രതീക്ഷയുടെ ചിത്രവുമായി. അങ്ങു എന്നെ മാടി വിളിക്കുന്ന ചിത്രം...
അകന്നാണെങ്കിലും, മിണ്ടിയില്ലെങ്കിലും, അങ്ങയെ കൺകുളിർക്കെ കണ്ട്, കൂടെ കഴിഞ്ഞ നാളുകൾ.... അതിനും വിരാമം ഇട്ടു, എന്നെ അങ്ങയിൽ നിന്നും എന്നന്നേക്കുമായി അകറ്റാൻ വേണ്ടി മാത്രം...നമ്മൾ തന്നെ ഒരുക്കിയ. മഹത്തായ "സൂത്രധാര"....""മനുഷ്യ ജീവിയെ പരീക്ഷിക്കുക"....അങ്ങയുടെ ചിന്തകളുടെ അർത്ഥം എനിക്കു അപ്രാപ്യമാണെന്ന് അറിയാമായിരുന്നു എങ്കിലും, ഇതിലെ അപകടം ഞാൻ മുൻ കൂട്ടി അറിഞ്ഞിരുന്നു, "മനുഷ്യന് അങ്ങയുടെ പരീക്ഷണം അതി ജീവിക്കാൻ സാധിക്കില്ല", അങ്ങയുടെ സൃഷ്ടിയെ ദുർബലം എന്ന് തുറന്നു പറയാൻ സാധിക്കാത്തതു കൊണ്ടു , ഞാൻ മറ്റു കാരണങ്ങൾ പറഞ്ഞു ഒഴിയാൻ നോക്കി...അതു അങ്ങു ഇപ്പോൾ ഓർക്കുന്നുണ്ടാകുമെന്നു എനിക്കറിയാം, പക്ഷെ അങ്ങയുടെ തീരുമാനങ്ങൾ ഇന്നും ഉറച്ചവ ആയിരുന്നു...ഇതും... മനസില്ലാതെയെങ്കിലും, ഞാനും അതിൽ പങ്കാളിയായി, അങ്ങയോടൊത്തു വീണ്ടും പഴയതു പോലെ കഴിയാമല്ലോ....
അങ്ങയുടെ തോട്ടത്തിലെ "പാപ കനി" കഴിക്കരുത് എന്ന അങ്ങയുടെ വാക്കിനെ തെറ്റിക്കാൻ മനുഷ്യ ജീവികളെ പ്രലോഭിപ്പിക്കുക. എന്തു വിചിത്രമായ സൂത്രധാര...അങ്ങു ഏല്പിച്ച എന്തു ജോലിയും വളരെ ആത്മാർത്ഥമായി മാത്രം ചെയ്തു ശീലിച്ച ഞാൻ, ഇതും കണിശമായി ചെയ്തു...എന്റെ കണക്കു കൂട്ടൽ തെറ്റിയില്ല..."മനുഷ്യൻ ദുർബലനാണ്, അവൻ പ്രലോഭിതനായി. “പാപ കനി" ഭക്ഷിച്ചു. അന്ന് ആദ്യമായി അങ്ങയുടെ കണ്ണുകളിൽ നിന്നും വേദനയും, കോപവും ഒരുപോലെ പ്രവഹിക്കുന്നത് ഞാൻ കണ്ടു.... എനിക്കു ആദ്യമായി "മനുഷ്യ" സൃഷ്ടി യോട് വെറുപ്പു തോന്നിയ നിമിഷം...."നാണം" എന്ന ശിക്ഷ നൽകി അവനെ ഭൂമിയിലേക്ക് അയച്ചപ്പോൾ...എന്റെ മനസു പറഞ്ഞു ഇതൊരു തുടക്കം മാത്രമാണെന്ന്...പ്രപഞ്ച നാശത്തിനുള്ള തുടക്കം...എന്തെകിലും മൊഴിയാൻ കഴിയും മുൻപേ എന്നോട്
"ഇനി മുന്നിൽ കണ്ടു പോകരുത്, കടന്നു പോകു" എന്നു ആജ്ഞാപിച്ചപ്പോൾ,
ഇതികർത്തവ്യമൂഢൻ ആയി നില്കാൻ മാത്രമേ എനിക്കു കഴിഞ്ഞൊള്ളു.
അപ്പോഴും മനസിൽ ഒരു ചോദ്യം മാത്രം...
ഞാൻ എന്തു തെറ്റാണ് ചെയ്തത്?
ഇപ്പോഴും മനസിൽ ഒരായിരം തവണ ഞാൻ ചോദിക്കുന്നു ഈ ഉത്തരമില്ലാത്ത ചോദ്യം...അങ്ങയുടെ മനസിലും ഒരു ചോദ്യം ആവർത്തിക്കുന്നുണ്ടാകാം,
എവിടെ ആണ് പിഴച്ചതു??!!
അതിനുത്തരം ഒന്നേ ഉള്ളു "മനുഷ്യൻ" എന്ന മൃഗത്തിനെ സൃഷ്ടിച്ച നിമിഷം...നമുക്ക് പിഴച്ചു...
അവൻ എന്താണ് ചെയ്യുന്നത്... സൂക്ഷിക്കാൻ ഏല്പിച്ച പർവതങ്ങൾ അവൻ തകർത്തു, ജലാശയങ്ങൾ വറ്റിച്ചു, മരങ്ങൾ വെട്ടി മുറിച്ചു, സസ്യങ്ങളെ പാടെ നശിപ്പിച്ചു, അന്യ ജീവജാലങ്ങളെ കൊന്നു ഭക്ഷണമാക്കി, എന്തിനു ഏറെ പറയുന്നു ഭൂമിയെ പങ്കിടാനായി, നമ്മൾ കൊടുക്കാത്ത അവന്റെ മതത്തിനായി, സ്വന്തം താൽപര്യങ്ങൾക്കായി പരസ്പരം കൊല്ലുന്നു... ക്രൂരനായ മനുഷ്യൻ അവന്റെ ക്രൂരതകൾ മറയ്ക്കാനായി എന്നെ കൂട് പിടിക്കുന്നു, ചില മനുഷ്യർ എന്നെ അങ്ങയുടെ ശത്രുവായി മുദ്ര കുത്തുന്നു, ചിലർ എന്നെ ആരാധിക്കുന്നു, എന്തു വിരോധാഭാസം... മണ്ടനായ മനുഷ്യൻ. സത്യങ്ങൾ ഒന്നും തിരിച്ചറിയുന്നില്ല.... വിഷമിക്കുമെന്നു എനിക്കറിയാം എന്നാലും പറയാതെ വയ്യ...അങ്ങയുടെ പുത്രവർഗത്തോട് എനിക്കു തികഞ്ഞ പുച്ഛമാണ്... ഭീകരതകൾ ചെയ്തിട്ടു അവ അങ്ങേക്ക് വേണ്ടിയും, എനിക്കു വേണ്ടിയും ആണെന്ന പച്ചകള്ളം പറയുന്ന ഭീരുക്കൾ...
മനുഷ്യന്റെ പ്രവർത്തികൾ എത്രത്തോളം അങ്ങയെ വേദനിപ്പിക്കുന്നു എന്നു എനിക്കറിയാം, മുന്നിൽ വരാതെ എത്ര നാളും ജീവിച്ചു, ഇനി പറ്റില്ല, അങ്ങയുടെ വിളിക്കായി ഞാൻ കാക്കുനില്ല, മനുഷ്യന്റെ കൈയിൽ നിന്നും ഭൂമിയെ രക്ഷിക്കണം, വീണ്ടും ഒരു പ്രളയത്തിനുള്ള സമയമായി എന്നു ഞാൻ കരുതുന്നു, ഞാൻ വരുന്നു, അങ്ങയുടെ സന്നിധിയിൽ, നമുക്ക് ഒരുമിച്ചു നിൽക്കാം, എന്നിട്ടു പഴയ പോലെ അങ്ങയുടെ കീഴിൽ സുഖവും, നന്മയും, നിറഞ്ഞ ലോകത്തു മതിയാവോളം വസിക്കണം. ഈ കത്തു കിട്ടുമ്പോഴേക്കും ഞാൻ അങ്ങയുടെ കാലുകളിൽ അഭയം പ്രാപിച്ചിരിക്കും...
എന്നെ തിരികെ സ്വീകരിക്കുമെന്ന പ്രത്യാശയോടെ....
ദൈവത്തിന്റെ സ്വന്തം,
പിശാച്.
Not connected : |