അങ്ങനെ ഒരോണക്കാലത്ത് - തത്ത്വചിന്തകവിതകള്‍

അങ്ങനെ ഒരോണക്കാലത്ത് 


പടിഞ്ഞാറേ പാട കതിർപ്പരപ്പിൽ
പുലരൊളി പൊന്നിൻ നിറം കലർത്തേ
പൊന്മണി കൊയ്യാൻ പറന്നിറങ്ങും
പാടത്തെ കൊച്ചു പനങ്കിളിയേ
പതിവില്ലാ നേരത്തു പാടത്തെത്താൻ
പള്ളിക്കൂടമിന്നവധിയാണോ?
ഓണപ്പരീക്ഷ കഴിഞ്ഞോ നിൻറെ
ഓണ അവധിക്കു സ്‌കൂളടച്ചോ?
കൂട്ടുകാരെല്ലാരുമെത്തുകില്ലേ
കൂടിയൊന്നായോണമാഘോഷിക്കാൻ
കൂട്ടരൊന്നും നിനക്കില്ലയെന്നാൽ
കൂട്ടുകൂടുന്നോ നീ ഞങ്ങളൊപ്പം
അത്തം തൊട്ടങ്ങോട്ടു പത്തു നാളും
ഒത്തിരി കളികൾ കളിക്കും ഞങ്ങൾ
ചാണകം മെഴുകിയ നടു മുറ്റത്ത്
ചേലൊത്ത പൂക്കളമൊന്നു തീർക്കാം
കാലത്തെഴുന്നേറ്റ് കുളി കഴിഞ്ഞ്
കൂട്ടരോടൊത്തുപോയ് പൂവിറുക്കാം
തെച്ചി, ചേമന്തി, മുക്കുറ്റി, മുല്ല
തുമ്പ, തൊട്ടാവാടി പൂക്കളെല്ലാം
ഒന്നൊന്നായ് ചന്തത്തിൽ ചേർത്തു വച്ച്
ഓണത്തപ്പനെ നടുക്കിരുത്താം
മുറ്റത്തെ മാവിലൂഞ്ഞാലു കെട്ടി
മത്സരിച്ചാടിടാം...പാട്ടു പാടാം...
പച്ചടി, കിച്ചടി, കാളൻ, പുളിശ്ശേരി
ഉപ്പേരി, പപ്പടം, പായസവും
തോരനും അവിയലും തൂശനില നിറെ
അമ്മ വിളമ്പുന്ന സദ്യയുണ്ണാം
മുത്തച്ഛനോണസമ്മാനമായ് നല്ലൊരു
ചാപ്പാണൻ പുകയിലയൊന്നു നൽകാം
മുത്തശ്ശിക്കുപ്പേരി കൊണ്ടുകൊടുത്തിട്ട്
പല്ലില്ലാതുഴമ്പുന്നോരുഴമ്പൽ കാണാം

അതുകേട്ട് കിളി പൊട്ടിപ്പൊട്ടി ചിലക്കവേ
കുട്ടിയുറക്കമുണർന്നു പോയി
ഉമ്മറത്തപ്പോഴേ ടീവിക്കു മുമ്പിലായ്
എല്ലാരുമെത്തിക്കഴിഞ്ഞിരുന്നു


up
1
dowm

രചിച്ചത്:അജിത്ത് കുമാർ ആർ ഒ
തീയതി:02-09-2016 01:34:45 AM
Added by :AJITH KUMAR R O
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :