മഴവില്ല്
ഏഴു വര്‍ണ്ണങ്ങളെ നിരയായിച്ചേര്‍ത്തുവ-
ച്ചേതൊരാള്‍ തീര്‍ത്തീ മഹാവിസ്മയം!
ആശ്ചര്യം തന്നെയീ ശൂന്യമാമംബരേ
നിശ്ചലം നില്ക്കുമീ വര്‍ണ്ണജാലം!!
ചന്തമെഴുന്നൊരിച്ചാപമീയാകാശ-
പ്പന്ഥാവിലെങ്ങനെയങ്കുരിച്ചൂ?!!
സ്വര്‍ഗ്ഗീയമായൊരാ വില്ലിനെക്കാണ്കവേ
സംശയപൂർണ്ണമായന്തരംഗം;
വാനിന്‍ നടുവില്‍ വര്‍ണ്ണോത്സവമോ?! അതോ
വേല്‍മുരുകന്‍ തന്‍റെ കാവടിയോ?!
ശൈവചാപം ശിവന്‍ വച്ചുമറന്നതോ
ശ്രീവിഷ്ണുവിന്‍റെ കരായുധമോ?!!
ചിന്തിച്ചിതങ്ങനെ നില്‍ക്കവേയെന്‍ മനം
ചൊല്ലിയെന്നോടതിന്നുത്തരവും;
സര്‍വ്വേശ്വരന്‍റെ വിശിഷ്ടമാം തൂലിക
സൂക്ഷ്മമായ് സൃഷ്ടിച്ച ചിത്രമാകാമത്
ചർച്ചിക തന്നുടെ വാർനെറ്റിതന്നിലെ
ചില്ലിക്കൊടികളിലൊന്നുമാവാം!!
ദേവലോകത്തിലെപ്പൂന്തേന്‍ നുകരുന്ന
ദിവ്യമാം ചിത്രപതംഗമാവാമത്
മോഹിനിയാകുമൊരപ്സരകന്യതന്‍
മുഗ്ധമാം ചിത്രാംബരവുമാകാം!!
ദേവര്‍ക്കു നാഥനാം വാസവന്‍ തന്നുടെ
ദൈവികമായുള്ള ചാപമാകാമത്
തൃശ്ശിവപ്പേരൂർ പെരുമയാം പൂരത്തിന്‍
പൂവെടിയൊന്നു വിരിഞ്ഞതാവാം!!
എന്തുമാവട്ടെയീ വിസ്മയക്കാഴ്ച്ചയ-
തെന്നും മറയാതെ നില്‍ക്കുമെങ്കില്‍
ഉത്സവമായേനെ! വര്‍ണ്ണാഭമായുള്ളൊ-
രുത്സവമായേനെ കാണ്‍വോര്‍ക്കെല്ലാം!!!
Not connected : |