മടിയനാം പുത്രൻ
മദ്ധ്യവയസ്കരാം മാതാപിതാക്കൾതൻ
അരുമസന്താനമാം മൂത്തപുത്രൻ
വയസ്സേറിയെന്നാലും കുട്ടിക്കളികളും
സുഖലോഭതൃഷ്ണയും പേറി വസിപ്പൂ
ബാല്യ,കൗമാരമാം നാളുകളിൽ നാല-
ക്ഷരം പഠിയ്ക്കെന്നു ചൊല്ലിയപ്പോൾ
മടിയനാം പുത്രൻ മാതാവിനോടോതി
മടിയാണെനിക്കമ്മേ പഠിച്ചിടേണ്ടാ
കൂർക്കം വലിച്ചന്നുറങ്ങിയ നേരത്ത്
കൈ സഹായത്തിനു കെഞ്ചിയപ്പോൾ
മടിയനാം പുത്രൻ പിതാവിനോടോതി
മടിയാണെനിക്കച്ഛാ ഉറങ്ങിടേണം
നാട്ടിലൊരാവശ്യമുണ്ടായ സമയത്ത്
നാട്ടുകാർക്കൊപ്പമിറങ്ങാൻ പറയവേ
മടിയനാം പുത്രൻ നാട്ടുകാരോടോതി
മടിയാണെനിക്കിപ്പോ സാധ്യമാവില്ലത്
കാലങ്ങളങ്ങനെ കടന്നു പോയീടവേ
മടിയനാം പുത്രനു കല്യാണപ്രായമായ്
മടിയനെയറിഞ്ഞ പെൺകുട്ടിയോതി
മടിയാണെനിക്കു നിൻ ഭാര്യയാകാൻ
ജോലിയുംകൂലിയുമില്ലാതിരിക്കുമ്പോ
കാശു കടംവാങ്ങാൻ ചെന്ന മടിയനെ
ചങ്ങാതിയകറ്റിയിട്ടവജ്ഞയോടോതി
മടിയാണെനിക്കു നിന്നെസഹായിക്കാൻ
അന്ത്യയാമത്തിൽ ആശ്രയമില്ലാതെ
അശ്രുവിലാണ്ടു തളർന്നുറങ്ങുമ്പോൾ
നീരസത്തോടെ ധരണി മടിയനോടോതി
മടിയാണെനിക്കു നിന്നെ ചുമന്നീടുവാൻ
Not connected : |