ലജ്ജിപ്പൂ ലോകം
ഹേ പുരുഷാ നീ, മൊത്തം
പുരുഷ വർഗ്ഗത്തിനപമാനം.
ലജ്ജിപ്പൂ നിന്നെയോർത്തീ,
ധരണിയിലേവരും.
നാരി തൻ സ്ത്രീത്വം
കവരുന്ന നരാധമാ,
നിന്നെയൊരു ആണെന്ന്
ചൊല്ലുവാനായീടുമോ?
നാരിയെ കാമപൂർത്തിക്കായ്
കീഴ്പ്പെടുത്തുന്നതു നിൻ-
പൗരുഷത്തിന്നടയാള-
മെന്നു നീ കരുതുന്നുവോ?
മാനവകുലത്തിന്നമൃ-
തേകും മുലത്തടം,
ദർശിച്ചു നിന്നിൽ കാമ-
നുണരുന്നതെന്തേ?
നിൻ അന്നനാളത്തിൻ
ആഴം നികത്തും നാരിതൻ,
യോനീനാളത്തിന്നാഴം
എന്തിനളക്കുന്നു നീ വൃഥാ?
തെല്ലൊരു നേരത്തെ
സുഖഭോഗ തൃഷ്ണയ്ക്കായ്,
ആജന്മ ദുഃഖം അവൾ-
ക്കേകുന്നതെന്തിനു നീ?
അസംഖ്യമാം നാരീ ജന്മങ്ങ-
ളൊടുങ്ങി നിൻ ഭ്രാന്തിനാൽ,
ഒരിടത്തവൾ നിർഭയയെങ്കിൽ,
ഒരിടത്തവൾക്കു ജിഷയെന്നു പേർ.
ഇവ്വിധം ആസുരക്രിയകൾ
ഇനിയും തുടരുവതെന്തിനു നീ
തെല്ലൊരു കനിവിൻ കണവും
ബാക്കിയില്ലേ നിൻ ചേതസ്സിൽ
ആളിക്കത്തിടും നിൻ കാമാഗ്നി
അണച്ചിടൂ വേഗം നീ
ഇല്ലെങ്കിൽ അത് സ്വയം
ദഹിപ്പിക്കും നിന്നെത്താൻ
ഹേ പുരുഷാ നീ, മൊത്തം
പുരുഷ വർഗ്ഗത്തിനപമാനം.
ലജ്ജിപ്പൂ നിന്നെയോർത്തീ
ധരണിയിലേവരും.
Not connected : |