അക്ഷരം - മലയാളകവിതകള്‍

അക്ഷരം 


അക്ഷരം

-ശ്രീകുമാർ പഴേടത്ത്-

എന്നോകഴിഞ്ഞ മണലെഴുത്തി-
ന്നക്ഷരതാപം പനിച്ചുനില്ക്കും,
കൈവിരൽത്തുമ്പുമായിപ്പൊഴും ഞാ-
നക്ഷരംതന്നെക്കുറിച്ചിടുന്നു!

പൂജയ്ക്കുശേഷമെഴുത്തിനായി
മുന്നിൽവിരിച്ചിട്ട വെണ്മണലിൽ,
ആദ്യാക്ഷരം മെല്ലെ കോറിനില്ക്കെ -
യക്ഷരം കുഞ്ഞിളം തുമ്പിനീട്ടി!

'അ'എന്നെഴുതവേ 'അമ്മ'യെന്നും,
'ആ'എന്നെഴുതവേ 'ആന'യെന്നും,
കൈവിരൽത്തുമ്പിലൂടൂറിവന്നൊ-
രക്ഷരക്കൂട്ടം പ്രതിധ്വനിച്ചു!

'കാടെ'ന്നെഴുതവേ പൂത്തുലഞ്ഞ
ശാഖിയായ് പൂക്കൾ പൊഴിച്ചുനിന്നു,
'ആറെ'ന്നെഴുതവേയോളമായി
പുണ്യഗംഗാംബുവിൽ നീരടിച്ചു.

തെറ്റുന്നമാത്രയിൽക്കണ്ണുരുട്ടി-
ക്കാട്ടി-തിരുത്തവേ പുഞ്ചിരിച്ചു
അർത്ഥലോകങ്ങൾത്തുറന്നുകാട്ടി-
ക്കാവ്യകാലങ്ങൾക്കു കേളികൊട്ടി!

സ്നേഹഗീതങ്ങൾ രചിച്ചിടുമ്പോൾ
വാർമഴവില്ലിനെക്കൂട്ടുതന്നു,
തേനൊലിപ്പാട്ടുകൾ മൂളിയെന്റെ-
യേകാന്തതയ്ക്കൊരു കൂട്ടുനിന്നു!
വാക്കിൻപൊരുളിന്നിടയ്ക്കുനില്ക്കു-
മക്ഷരപ്പൂട്ടും തുറന്നുതന്നു,
നൊമ്പരക്കാമ്പുകൾ ശ്വേതപത്ര-
ത്താളിൽപ്പകർത്തവേ, കൺനിറച്ചൂ!

ദിവ്യമാം മന്ത്രങ്ങളക്ഷരങ്ങൾ,
ഉഗ്രശാപങ്ങളുമക്ഷരങ്ങൾ!
സ്വർഗീയസാന്ത്വനമക്ഷരങ്ങൾ,
തീരാവിഷാദവുമക്ഷരങ്ങൾ!
സ്നേഹവിദ്വേഷങ്ങളക്ഷരങ്ങൾ,
രാഗവൈരാഗ്യവുമക്ഷരങ്ങൾ!
സന്തുബന്ധുക്കളുമക്ഷരങ്ങൾ,
സ്വത്വവും ഛായയുമക്ഷരങ്ങൾ!

കാലത്തിനപ്പുറക്കാഴ്ചകാണാ-
നുള്ളകണ്ണാടിയും കൊണ്ടുതന്നു,
ജീവിതയാത്രയിൽ കൂട്ടുപോരാ-
നൂന്നുവടികളുമായ്ച്ചമഞ്ഞു.
നെഞ്ചിന്നുനേരെത്തിരിഞ്ഞുനില്ക്കും
കുന്തമോരോന്നും മുനയൊടിച്ചു!
അക്ഷരക്കൈകളിലൂയലാട്ടി-
ത്താരാട്ടുപാടിക്കനിഞ്ഞുറക്കി....

എന്നോകഴിഞ്ഞ മണലെഴുത്തി-
ന്നക്ഷരതാപം പനിച്ചുനില്ക്കും,
കൈവിരൽത്തുമ്പുമായിപ്പൊഴും ഞാ-
നക്ഷരംതന്നെക്കുറിച്ചിടുന്നു...!


up
0
dowm

രചിച്ചത്:ശ്രീകുമാർ പഴേടത്ത്
തീയതി:17-10-2016 04:31:41 AM
Added by :sreekumar pazhedath
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :