മരണകാലം
മരണകാലം.
-ശ്രീകുമാർ പഴേടത്ത്
ഞാനെന്റെയാത്രാവഴിയൊക്കെമാറ്റി-
പ്പുത്തൻവഴിക്കൊക്കെനിശ്ശബ്ദനായി,
ആരാലുമൊട്ടൊട്ടനുധാവനപ്പെ-
ട്ടില്ലെന്നുതന്നെക്കരുതിഗ്ഗമിക്കെ,
വിടാതെയെന്നെപ്പിടികൂടിടാനാ-
യടുത്തചങ്ങാതിയതേതരത്തിൽ
ഹാ!ഹാ! മഹാമൃത്യു ജനിച്ചനാൾതൊ-
ട്ടെപ്പോഴുമെങ്കൂടെനടന്നിടുന്നു !
ഇതിൻതണുപ്പുറ്റപിടിക്കുപെട്ടാ-
ണായുസ്സിനറ്റത്തുവിറച്ചുനില്പൂ
മനസ്സുകൈവിട്ടുസ്മൃതിഭ്രമത്താ-
ലെന്തെന്നുമാരെന്നുമറിഞ്ഞിടാതെ,
അരോഗമായുള്ളൊരുമേനിമെല്ലെ
രോഗാതുരത്തിങ്കലുഴന്നുപോകും,
വിശപ്പുകെട്ടും,പചനാഗ്നിമാന്ദ്യ-
പ്രകാരമോരോലഘുവ്യാധികൂടും.
വലഞ്ഞനിദ്രക്കുറവുംതലയ്ക്കു
ഭാരിച്ചതേതാണ്ടുചുമന്നവണ്ണം
കഴുത്തിളക്കാൻവഹിയാത്തമട്ടോ-
ടമർന്നടിപ്പെട്ടുകിടക്കയായി.
ഈമട്ടിലെങ്ങാനുമൊരേകിടപ്പാ-
യഞ്ചാറുമാസങ്ങളിഴഞ്ഞുപോയാൽ,
കൂടപ്പിറപ്പില്ല,മകൻവരില്ലാ
ധർമദാരങ്ങൾക്കുമനംമടുപ്പും!
നോക്കേണ്ടതല്ലേ?പ്പടുവൃദ്ധനല്ലേ?
ആയുള്ളനാൾനിങ്ങളെനോക്കിയില്ലേ?
എന്നുള്ളചിന്താഭരമൊന്നുമില്ലാ-
തേതോകടംവീട്ടുകപോലെയല്ലോ!
മരിച്ചു-പോത്തും കയറും ഗമിക്കും,
മനോഹരച്ചിത്രമലങ്കരിക്കും,
ചെറുച്ചെരാതുംതെളിയിച്ചുവെക്കും
വർഷത്തിലീരണ്ടുബലിക്കിരിക്കും.
ബന്ധുക്കളോർമ്മിക്കുമൊരല്പകാലം,
ശ്മശാനഭൂവിൽക്കുഴമണ്ണുറയ്ക്കും,
കുഞ്ഞിച്ചെടിക്കൂടുവളർന്നുപൊങ്ങി-
ക്കാടായ്ച്ചമഞ്ഞങ്ങവിടംകനക്കും.
സൽകൃത്യമോർമ്മിക്കുമൊരല്പകാല-
മടുത്തചങ്ങാതികൾനാളുമോർക്കും,
വിരോധമുള്ളിൽക്കരുതുംജനങ്ങ-
ളായാളുപോയ്പ്പോയതുനന്നുനണ്ണും!
ദേഹാദിയില്ലാതെയലഞ്ഞുപിന്നെ
ദാഹാഗ്നിയാത്മവിലെരിഞ്ഞിടുമ്പോൾ,
വീണ്ടുംപിറപ്പിന്റെതുടിക്കിടുക്കം,
വേണ്ടുംപ്രകാരത്തിൽജരായുസന്ധം!
ആരച്ഛനാരമ്മയിതൊന്നുമോർമ്മ-
ക്കുരുക്കിണക്കാതെപിറന്നുവീണ്ടും,
നടത്തിവിട്ടുള്ളപടിക്കുനീങ്ങും
ഭൂവിങ്കൽകർമ്മപ്രകരംതളിർക്കും!
ഇതേനിയോഗത്തിലുമൊന്നുനോക്കൂ
സ്നേഹാർദ്രമായ്, ദു-സ്സഹജീവിതത്തെ
കേഴുന്നദീനർക്കൊരുകൈകൊടുത്തൊ-
രത്താണിയായുംപരമാശയേകൂ!
മനസ്സുപോലൊന്നുസുഖിച്ചുവാഴാൻ,
മനസ്സുപോലൊന്നുചിരിച്ചു,കേഴാൻ,
മനസ്സുപോലൊന്നുമരിച്ചുപോകാൻ,
കൊതിപ്പതില്ലാത്തവരാരുമന്നിൽ..?
*******************************
അർത്ഥസൂചി:
1. മനോഹരച്ചിത്രം= ചുമരിൽ തൂക്കുന്ന ഭംഗിയുള്ള ഫോട്ടോ എന്ന്.
2. നണ്ണുക= കരുതുക
3. ജരായുസന്ധം= ഗർഭപാത്രവുമായി സന്ധിക്കുന്നു (ഗർഭത്തിനകത്താവുക)
4.കർമ്മപ്രകരം= കർമ്മത്തിന്റെ കൂട്ടം
5. ദു-സ്സഹജീവിതം = ദുരിതപൂർണ്ണമായ സഹജീവികളുടെ ജീവിതം എന്നാണ് ഇവിടെ അർത്ഥകൽപ്പന.
Not connected : |