സന്ധ്യ - തത്ത്വചിന്തകവിതകള്‍

സന്ധ്യ 

സന്ധ്യ

ഇനി നീയിരുന്നാലുമല്പനേരം
ഞാന്‍ നിന്‍ നിഴലായടുത്തിരിക്കാം.
ചുളിവീണ നിന്‍നെറ്റിയെന്‍‍കരത്താല്‍...
മൃദുവായ് തഴുകി നിന്‍ മാലകറ്റാം.
എത്രയോവഴിദൂരം നമ്മളൊന്നായ്
തളരാതഴരാതിഴഞ്ഞു തീര്‍ത്തു ....
ആവില്ല നമുക്കിനിയത്രദൂരം
ഇരുന്നും തുഴഞ്ഞുമഴിച്ചു തീര്‍ക്കാന്‍.
നിന്‍‍കരവല്ലിക്കൊരൂന്നു നല്കാന്‍...
ഞാനല്ലാതിനിയാരുമൊപ്പമില്ല.
നീ നൊന്തുപെറ്റ പൊന്‍ മക്കളെല്ലാം...
ചിറകിന്‍ മറവിട്ടു പറന്നുപോയി.
മിഴിവാര്‍ന്ന ജീവിതപ്പച്ച തേടി...
അവരെല്ലാം നമ്മില്‍ നിന്നകന്നുപോയി.
ഇനിയുള്ള കാലം നീയെനിക്കും...
ഞാനെന്നെയെന്നും നിനക്കുമേകാം.
കണ്ണിണ കണ്ണിണ കോര്‍ത്തുവച്ച്....
പൊയ്പോയ കാലം പറഞ്ഞിരിക്കാം.
അകലെയാ സന്ധ്യതന്‍ മുഖം തുടുക്കേ....
നിഴല്‍പോലുമെങ്ങോ മറഞ്ഞുപോകും,
വൈകാതെ നാമൊരാളൊറ്റയാകും,
ആരെന്നു നമ്മള്‍ക്കു നിനയ്ക്കവയ്യ.
ആവുകില്‍ നമ്മള്‍ക്കു രണ്ടുപേര്‍ക്കും...
മയങ്ങുമീ സന്ധ്യയില്‍ ലയിച്ചു തീരാം...

-


up
1
dowm

രചിച്ചത്:ഹരിനായര്‍
തീയതി:18-10-2016 06:38:15 PM
Added by :ഹരി നായര്‍
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :