നാട്ടുവഴി
നാട്ടുവഴി
ഓര്‍മകളുണരുമെന്‍ നാട്ടുവഴിയിലൂടൊന്നു നടക്കട്ടെ ഞാന്‍
ചിന്തയില്‍ മാത്രമാണെങ്കിലുമിന്നെന്‍റെ നാട്ടുവഴിയിലൂടൊന്നു നടക്കട്ടെ ഞാന്‍
ഓടിയ വഴികളും നീന്തിയൊരാറും കണ്‍മുന്നില്‍ തെളിയുന്നു
പെയ്തൊരു മഴയില്‍ കളിയാടിയ വയലില്‍ പൊന്തിയ വെള്ളക്കെട്ടില്‍ നീന്തിക്കളിക്കും ചെറുമീന്‍ക്കൂട്ടങ്ങള്‍
പച്ചപുതച്ച വരമ്പിലൊളിച്ച തവളക്കുഞ്ഞുങ്ങള്‍
കൊതിയോടെയൊളികണ്ണാല്‍ നാവുനുണഞ്ഞിഴഞ്ഞോടുന്ന നീര്‍ക്കോലി
മഞ്ഞില്‍ക്കുളിച്ചിളവെയിലില്‍ ചെറുകാറ്റത്തിളകിച്ചിരിതൂകും നെല്‍ക്കതിര്‍ച്ചന്തങ്ങള്‍
വെള്ളയുടുപ്പില്‍ച്ചെമ്മണ്‍ചെളികൊണ്ട് ച്ചിത്രങ്ങള്‍ തീര്‍ത്തോരെന്‍റെ ചെരുപ്പുകളും
വീടിന്‍റീറയത്തെന്നെ കളിയാക്കിനിന്നു ചിരിക്കുന്നു
ഓട്ടകള്‍ വീണൊരു മേല്‍ക്കൂരയില്‍ക്കൂടി ഊര്‍ന്നു വന്നെന്‍റെ യോമന പുസ്തകം നനയിച്ച ഇടവപ്പെരുമഴത്തുള്ളികളാര്‍ത്തു ചിരിക്കുന്നു
ചെളിവെള്ളം തെറിപ്പിച്ച് കുടുകുടുയൊച്ചയില്‍ വഴിക്കുഴിയിലൂടങ്ങോടിയ മുച്ചാണ്ടന്‍വണ്ടിമൂപ്പന്‍
പുലരിയില്‍ത്തെറ്റാതെ തുയിലുണര്‍ത്തായ് കൂവിയ പൂങ്കോഴിച്ചങ്ങാതി
പാതിവഴിയിലെത്തുന്ന നേരത്ത് കാതുകളിലെത്തി പേടി പടര്‍ത്തിയ പള്ളിക്കൂടമണിനാദം
മഴവെള്ളക്കലക്കത്തില്‍ ഒഴുകിയൊഴുകി ദൂരേക്കു പോകുന്നോരെന്‍റെ കടലാസുതോണികളും എന്‍റെ കടലാസുതോണികളും
ഓര്‍മകളുണരുമെന്‍ നാട്ടുവഴിയോരത്ത് നില്‍ക്കുകയാണിന്നു ഞാന്‍
നില്‍ക്കുകയാണിന്നു ഞാന്‍.....
Not connected : |