ആത്മാവ് തിരയുന്നവർ - മലയാളകവിതകള്‍

ആത്മാവ് തിരയുന്നവർ 

നഷ്ടസ്വപ്നമായോരെൻ നാലുകെട്ടുo, നന്മകളും, പിന്നെ
നാട്ടുവഴികളുമുപേക്ഷിച്ചു നഗരതിരക്കിൽചേക്കേറിഞാൻ.
നാട്ടുപച്ചയില്ല, നീർത്തടങ്ങളില്ല, നീരാടാനമ്പലക്കുളങ്ങളില്ല
മാമ്പൂമണമേറ്റിയെൻ തൊടിയിലൂടൊഴുകിയാമാരുതനിൻ
മാദകനൈർമല്ല്യമില്ല, മാത്സര്യത്തിൻ മടുക്കുംഗന്ധമിവിടെ

കളകളമരുവികളും, കിളികൾതന്നുണർത്തുപാട്ടും
കൂന്തൽതുമ്പിൽ തുളസികതിർചൂടും കന്യകമാരുമില്ല
നഗരയന്ത്രക്കിളികൾതൻ നൊമ്പരഗാനങ്ങളലിയു-
മംബരത്തിന്നരോചക വർണദൃശ്യങ്ങൾ മാത്രം
ഋതുക്കൾ മാറിവരുന്നതൊട്ടുമറിഞ്ഞീല ഞാനിവിടെയീ
പണത്തിൻ വർഷങ്ങളിൽ, ഋണത്തിൻ ഗ്രീഷ്മങ്ങളിൽ

മനസ്സിനുൾകോണിലെവിടെയോ കുളുർമയെഴുമോർമ-
മാടിവിളിച്ചുവോ..ഒരുവട്ടമീ മൺപാതതാണ്ടിവരികനീ
നിന്നാത്മാവിൻ സ്വത്വമുറങ്ങുമീ പഴയനാലുകെട്ടിൻ
നാൽപാമരതണലിൽ, നിൻഹൃദയത്തിൽതൂങ്ങി,വിങ്ങി-
നിൽക്കുമാനഷ്ടബോധത്തിൻ മാറാപ്പിറക്കിവിശ്രമിക്കുക

ഒടുവിലെത്തിനിൽക്കുന്നു ഞാനീമധുരസ്മരണാങ്കണത്തിൽ
വടിവൊത്തുനിന്ന മൂവാണ്ടൻമാവിന്നടിവേരുപോലുമില്ലല്ലോ!
തൊടികളിൽ പാറിനടന്ന കുഞ്ഞാറ്റകൾ, ശലഭങ്ങളെവിടെ?
തുമ്പികളും തൂശീമുഖികളും തഞ്ചിക്കളിച്ചെന്നുദ്യാനമില്ല
തുമ്പമെഴുംതൂണുകളിൽ തലയെടുപ്പോടെ നിന്നൊരെൻ
തറവാടു വീടിന്നൊരു തരിശിടമാം മരുഭൂമിമാത്രം!
എങ്കിലുമീമണ്ണിൻഗന്ധമെൻ മെയ്യിൻഗന്ധമെന്നറിവൂഞാൻ

ഏകനായ്,നിസ്വനായ്,നിർന്നിമേഷനായ് നിലകൊൾകെ..,
പുതിയകാലത്തിൻ പ്രാപ്പിടിയപരുന്തുകളുറക്കെച്ചിലക്കുന്നു
“തിരിച്ചു പോരികവേഗം, ഗൃഹാതുരമോർമഭാണ്ഡങ്ങൾ
നീയാപഴയ നാലുകെട്ടിൻ മണ്ണിൽ കുഴിച്ചുമൂടുക, പിന്നെയാ
നാട്ടുവഴികളാഞ്ഞുചവിട്ടി പുറകോട്ടുതള്ളി മുന്നേറുക-
യെന്തെന്നാൽ നിന്നിലെ സ്വത്വം മരിച്ചിരിക്കുന്നു..
ഈ നഗരതിരക്കിൻ പിണമായ് പരിണമിച്ചുവല്ലോ നീയും“


up
0
dowm

രചിച്ചത്:ദിനു (ദിനേശൻ രാഘവൻ)
തീയതി:22-11-2016 07:34:53 PM
Added by :ദിനേശൻ രാഘവൻ
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :