കൈതകൾ പൂക്കുമ്പോൾ
ഇവിടത്തെ കാറ്റിനെന്തൊരു സുഗന്ധം
ഇതക്കലെ കൈതപ്പൂക്കളിൻ ഉന്മാദഗന്ധം
മീനമാസത്തിലെ ഉരുകുന്ന ചൂടിലും
മാദകനൈർമല്യത്തിലലിഞ്ഞുഞാൻ
വേനലവധിതൻ വിളനിലമാമെങ്ങടെ
വീട്ടുതൊടിയതിരിടും കൈതകൾ പൂത്തു
മഞ്ഞോലകൾ, ചൂടുകാറ്റിലേറ്റിയയക്കും
മത്തുപിടിപ്പിക്കും മണമെങ്ങും വിതറി..
ആ മഞ്ഞപ്പൂവിന്നോലയൊന്നാ കുഞ്ഞു-
മുടിതുമ്പിലഴകിൽ ചാർത്തുവാൻ
മമസഖി കൊതിപൂണ്ടുനിൽക്കവേ
അവളുടെ കൺനീലിമയിൽ തുളുമ്പിയ,
അനുരാഗത്തിൽ കുതിർന്നീടുമപേക്ഷകൾ
കാണാതെ പോവാൻ കഴിഞ്ഞില്ലന്നേരം
കരേറിയെത്രവട്ടമാ കൈതതുഞ്ചങ്ങളിൽ
"ഉണ്ണീ, കൈതമുള്ളുകൾ പുലിനഖങ്ങൾ..
നിൻകുഞ്ഞുമേനിയെ മാന്തിപ്പൊളിക്കുമവ "
മുത്തശ്ശിതൻ പഴംതൊണ്ടയിൽനിന്നുതിരും
മുന്നറിയിപ്പിൻ ആവലാതികളൊന്നുമേ
മനസ്സിലേറിയതില്ല തെല്ലുമെന്നുടെ,
മനസ്വിനിതൻമുഖം വാടുന്നതോർക്കവേ
കയ്യിൽപ്പൂവുമായ് കണ്മണിതൻ മുന്നിൽ..
കരളിന്നകത്തൂറിയതോ കൗമാരപ്രണയം!
……………………………………………………………………………
മധുര ബാല്യത്തിൻ സ്മരണകളു മായ്
മധ്യാഹ്ന മയക്കത്തിൽ നിന്നുണർന്നൊരുനാൾ
കിളിവാതിലിലൂടൊഴുകി വന്നതെന്നലിൽ
കൈതകൾ പൂത്തസുഗന്ധം...!!!
പറയാൻമറന്നുപോയൊരു പ്രണയത്തിൻ
പരിമളമാണതെന്നറിഞ്ഞു ഞാൻ !
Not connected : |