എനിക്കു നിന്നോട് പ്രണയമില്ല
എനിക്കു നിന്നോട് പ്രണയമില്ല
------------------------------------
ഇല്ല
നിന്നോടെന്നല്ല
ആരോടുമെനിക്കു പ്രണയമില്ല
എന്‍റെ കവിതകളിലെ
മുറിവിന്‍റെ ആഴം നീ
അളന്നു തുടങ്ങിയിരിക്കുന്നു
അതിന്‍റെ വേദനയിലേക്ക്
തണുപ്പു പകാരാന്‍ നീ
കഴിവതും ശ്രമിക്കുന്നുണ്ട്
ആ മുറിവിന്‍റെ വിടവുകളില്‍
പ്രണയംപോലെന്തോ വെച്ച്
മുറുക്കി കെട്ടുന്നുണ്ട് നീ
എങ്കിലും
എനിക്ക് നിന്നോട് പ്രണയമില്ല
നാമണിഞ്ഞ ഋതുക്കളില്‍
നമുക്കിടയിലെ ദൂരം വ്യക്തമാണ്
എനിക്കു പണ്ട് വേനലും
ഇപ്പോള്‍ വര്‍ഷവുമാണ്
നിനക്കോ ?
അന്നും ഇന്നും വസന്തം മാത്രം
നീ എന്നിലേക്ക്
വസന്തം നിറക്കാന്‍ ശ്രമിക്കരുത്
ഉരുള്‍പ്പൊട്ടി വേരടര്‍ന്ന
എന്‍റെ ചില്ലകളില്‍
ഇനിയൊരു പൂവിനുപോലും
കൂടൊരുക്കാന്‍ കഴിയില്ല
ഇല്ല നിന്നെ എനിക്ക്
പ്രണയിക്കാനാകില്ല
അടയാളങ്ങളില്ലാത്തവനാണ് ഞാന്‍
കരയുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ച്,
ചിരിച്ചുകരഞ്ഞുകൊണ്ടിരിക്കുന്ന
സ്വന്തമെന്നൊന്നും,
ഒരു ഭാവമോ ഭാവനയോ
കയ്യിലില്ലാത്ത
ഒരു നിറമോ മണമോ ഇല്ലാത്ത
പേരോ പെരുമയോ ഇല്ലാത്തവന്‍
നിനക്കുവേണ്ടി എങ്ങനെയാണ്
ഞാന്‍ എന്നെ നിര്‍വ്വചിക്കേണ്ടത് ?
ഏതക്ഷരംകൊണ്ടാണ്
ഈയുള്ളവന്‍റെ പേര്
നിന്‍റെ ആത്മാവില്‍
കോറിയിടേണ്ടത്
ഏതു ചുണ്ടനക്കം കണ്ടാണ്
നീ എന്നെയാണ് വിളിക്കുന്നത്
എന്നു ഞാന്‍ തിരിച്ചറിയേണ്ടത് ?
അരുത്
നീയെന്നെ പ്രണയിക്കരുത്
നിന്നെക്കുറിച്ചൊരു കവിത,
നീയും ഞാനുമടങ്ങുന്ന വരികള്‍
ഒരിക്കലുമെഴുതരുത്
എന്നെന്നെ എപ്പൊഴോ
ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു
ഇതാണ് ആദ്യത്തേത്
ഇതാകും അവസാനത്തേതും !
ഈ കവിതയും
എന്നത്തേയുംപോലെ
ഒറ്റത്തവണ മാത്രം
നീ വായിച്ചു നോക്കും
വരികളില്‍ നീ നിന്നെ
ആദ്യമായി കണ്ട സന്തോഷത്തില്‍
പൊരുളുകള്‍ കാണാതെ,
എന്നെ വായിച്ചെടുക്കാതെ
ആഹ്ളാദിക്കും
ഒരുപക്ഷേ
ആത്മാവുകൊണ്ടെന്നെ
കെട്ടിപ്പിടിക്കും
ഇത് നിനക്കുള്ള വരികളാണ്
നീ ഈ കവിത
പലകുറി വായിക്കൂ...
ഇതിലെ അര്‍ത്ഥങ്ങളെ
അതു വെളിവാക്കുന്ന സത്യങ്ങളെ
നിസ്സഹായയായിപ്പോകുമെങ്കിലും
ഉള്ളുകൊണ്ട് തിരിച്ചറിയു
എന്നിട്ടെന്നെ പ്രണയിക്കാതിരിക്കു.
ശരത് സിത്താര
Not connected : |